'ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കണം'
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ പരമാധികാരത്തിനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനും ശക്തമായ പിന്തുണ നൽകി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) 45ാമത് ഉച്ചകോടി. കുവൈത്തിൽ നടന്ന ഉച്ചകോടിയിൽ ഗസ്സ, ലബനാൻ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെയും ലംഘനങ്ങളെയും അപലപിച്ചു.
ആക്രമണം ഉടൻ അവസാനിപ്പിക്കാനും സിവിലിയന്മാരെ സംരക്ഷിക്കാനും ആവശ്യപ്പെട്ടു. സമാധാനത്തിനായുള്ള ചർച്ചകൾക്ക് പൂർണ പിന്തുണയും പ്രഖ്യാപിച്ചു. നവംബറിൽ സൗദി അറേബ്യയിൽ നടന്ന അസാധാരണമായ അറബ് -ഇസ്‌ലാമിക് ഉച്ചകോടിയുടെ ശ്രമങ്ങൾക്ക് ജി.സി.സി ഉച്ചകോടി പിന്തുണയറിയിച്ചു.
ഇത് ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനും ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകാനും ശ്രമിച്ചതായി സൂചിപ്പിച്ചു. വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാനും തടവുകാരുടെ കൈമാറ്റം സുഗമമാക്കാനുമുള്ള ഖത്തറിന്റെ ശ്രമങ്ങളെയും പ്രശംസിച്ചു.
ലബനാനിലെ ഇസ്രായേൽ ആക്രമണത്തെ ജി.സി.സി നേതാക്കൾ അപലപിക്കുകയും പ്രാദേശിക സംഘർഷത്തിലേക്ക് വളരാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പും നൽകി. ലബനാനിലെ താൽക്കാലിക വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്തു.
യമനിൽ രാഷ്ട്രീയ പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള സൗദി അറേബ്യയുടെയും ഒമാനിന്റെയും ശ്രമങ്ങളെ അഭിനന്ദിച്ചു. പ്രാദേശികവും ആഗോളവുമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് ശ്രമം തുടരുമ്പോഴും രാജ്യങ്ങളുടെ പരമാധികാരവും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കുന്നതിൽ ജി.സി.സിയുടെ പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.