അശരണരെ ചേർത്തുപിടിച്ച് 'സാന്ത്വനം കുവൈത്തി'ന്റെ ഓണം
text_fieldsകുവൈത്ത് സിറ്റി: നഗരവീഥികളിൽനിന്നകന്ന്, ആഘോഷങ്ങളിൽനിന്നും ആരവങ്ങളിൽനിന്നും വേറിട്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട് നമുക്കു ചുറ്റും. അവരെ ഈ ഓണക്കാലത്ത് ചേർത്തുപിടിച്ച് ഓണത്തിന്റെ ആഹ്ലാദങ്ങൾ പകരുകയാണ് 'സാന്ത്വനം കുവൈത്ത്'. കേരളത്തിലെ 14 ജില്ലകളിലും മംഗലാപുരത്തുമായി 23 ജീവകാരുണ്യ സ്ഥാപനങ്ങളിൽ ഈ ഓണനാളുകളിൽ സാന്ത്വനത്തിന്റെ സ്നേഹസ്പർശം എത്തി. ഓണസദ്യയും ഓണക്കോടിയും ഓണക്കിറ്റും കൈനീട്ടവുമായാണ് 'സാന്ത്വനം കുവൈത്ത്'അവരിലേക്ക് എത്തുന്നത്. തുടർചികിത്സ പദ്ധതിയുടെ ഭാഗമായി മാസവും ചികിത്സ ധനസഹായം നൽകുന്ന 61 രോഗികൾക്ക് ആയിരം രൂപ വീതവും കുവൈത്തിൽ രോഗാവസ്ഥയിലുള്ള 15 പേർക്ക് അയ്യായിരം രൂപ വീതവും പ്രത്യേക ഓണസമ്മാനമായി നൽകി.
അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, ഭിന്നശേഷി കുട്ടികളുടെ സ്കൂളുകൾ, ഓട്ടിസം സെന്റർ, മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസകേന്ദ്രങ്ങൾ, പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയർ സെന്ററുകൾ, ആദിവാസി കോളനികൾ, ആദിവാസി വിദ്യാർഥി ഹോസ്റ്റൽ, ദുരിതാശ്വാസ ക്യാമ്പ്, തോട്ടം തൊഴിലാളി കേന്ദ്രങ്ങൾ തുടങ്ങി നിരവധി ഇടങ്ങളിലെ ജനങ്ങളെ ചേർത്തു നിർത്തിയാണ് സാന്ത്വനത്തിന്റെ ഓണം. അത്തനാളിൽ കണ്ണൂർ ആശ്രയം സ്പെഷൽ സ്കൂളിൽ ഓണസദ്യയോടെ തുടങ്ങിയ ആഘോഷങ്ങൾ, ഉത്രാടത്തോടെ പതിനഞ്ചിടങ്ങളിൽ പൂർത്തിയാക്കി. ബാക്കി എട്ടിടത്ത് തിരുവോണനാളിലെ സദ്യയോടെ സമാപിക്കും.മൂവായിരത്തോളം ആളുകളിലേക്ക് ഓണമധുരം പകരുന്ന ഈ സ്നേഹസമഭാവനയുടെ യത്നത്തിന് അഞ്ചു ലക്ഷത്തോളം രൂപയാണ് ചെലവ്, ഇവ എല്ലാം കുവൈത്ത് മലയാളി സമൂഹം സാന്ത്വനത്തിന് ഓണസംഭാവന നൽകി. മലയാളികളുടെ മഹോത്സവമായ ഓണത്തെ, നിരാലംബരായ മനുഷ്യരെകൂടി ചേർത്തുപിടിച്ച് ആഘോഷിക്കാനുള്ള സാന്ത്വനത്തിന്റെ സ്നേഹസംരംഭത്തിനോട് സഹകരിച്ച എല്ലാവർക്കും സാന്ത്വനം കുവൈത്ത് ഭാരവാഹികൾ നന്ദി അറിയിച്ചു.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.