വെടിയൊച്ചകൾക്കിടെ പ്രതീക്ഷയുടെ മൈതാനത്ത് ഫലസ്തീൻ ടീം
text_fieldsകുവൈത്ത് സിറ്റി: ഗസ്സയുടെ മണ്ണിൽ നിലക്കാതെ വെടിയൊച്ചകൾ മുഴങ്ങുമ്പോൾ, ആശങ്കയുടെ ഉൾകുപ്പായത്തിന്മേൽ പ്രതീക്ഷയുടെ മേലാപ്പണിഞ്ഞ് ഫലസ്തീൻ ഫുട്ബാൾ ടീം. ലോകകപ്പ് യോഗ്യത പോരാട്ടങ്ങളുടെ രണ്ടാം മത്സരത്തിൽ ഫലസ്തീൻ ഇന്ന് ആസ്ട്രേലിയയെ നേരിടും. കുവൈത്തിലെ ജാബിർ അൽ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പ്രാദേശിക സമയം വൈകീട്ട് അഞ്ചിനാണ് മത്സരം. നേരത്തേ ഫലസ്തീനിൽ നിശ്ചയിച്ചിരുന്ന കളി ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലേക്ക് മാറ്റുകയായിരുന്നു. കുവൈത്തിലെ മത്സരം ഫലസ്തീൻ പിന്തുണയുടെ മികച്ച വേദിയാകുമെന്നാണ് സൂചന. സ്റ്റേഡിയത്തിൽ വൻ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇസ്രായേൽ നടപടികൾക്കെതിരെ ഫലസ്തീനൊപ്പം ശക്തമായി നിലകൊള്ളുന്ന രാജ്യമാണ് കുവൈത്ത്. ലോകകപ്പ് യോഗ്യത ‘ഗ്രൂപ് ഐ’ രണ്ടാം റൗണ്ട് മത്സരത്തിലാണ് ഫലസ്തീനും ആസ്ട്രേലിയയും എറ്റുമുട്ടുന്നത്. ഫലസ്തീൻ, ആസ്ട്രേലിയ, ലെബനാൻ, ബംഗ്ലാദേശ് എന്നിവയാണ് ഗ്രൂപ്പിലെ രാജ്യങ്ങൾ. ലെബനാനെതിരെ ഫലസ്തീന്റെ ആദ്യ കളി ഷാർജയിൽ ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മൂന്നു പോയന്റുള്ള ആസ്ട്രേലിയയാണ് ഗ്രൂപ്പിൽ ഒന്നാമത്. ഫലസ്തീൻ, ലെബനാൻ എന്നിവക്ക് ഓരോ പോയന്റുണ്ട്. ഇന്നത്തെ മത്സരം ഫലസ്തീന് നിർണായകമാണ്.
ടീം ക്യാമ്പിലും ഉത്കണ്ഠ മാത്രം
ഗസ്സയിൽ സംഘർഷം ഉടലെടുത്തതിനാൽ ശരിയായ മുന്നൊരുക്കം പോലും നടത്താനാകാത്തത് ഫലസ്തീൻ ടീമിനെ ഉലക്കുന്നുണ്ട്. ഗസ്സയിൽനിന്ന് പുറത്തുപോകാൻ കഴിയാതെ വന്നതോടെ മൂന്നു താരങ്ങൾക്ക് ജോർഡനിലെ പരിശീലന ക്യാമ്പിൽ എത്താൻ കഴിഞ്ഞില്ല. ഇതോടെ പരിശീലകൻ മക്രം ദബൂബിന് തന്റെ പതിവ് ടീമിനെ കളത്തിലിറക്കാൻ കഴിഞ്ഞില്ല. മത്സരത്തിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഓരോ താരങ്ങളും പാടുപെടുകയാണ്. ഏവരും മിക്ക സമയത്തും ഫോണിൽ മുഴുകിയിരിക്കുന്നു. ഗസ്സയിലെ വാർത്തകളെ പിന്തുടർന്ന് നാട്ടിലെ സഥിതിഗതികൾ വിലയിരുത്തുന്നു. തങ്ങളുടെ കുടുംബങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുന്നു. ആശങ്കകൾക്കിടയിലും ലെബനാനെതിരെയുള്ള കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിൽ പരിശീലകൻ മക്രം ദബൂബ് സന്തുഷ്ടി പ്രകടിപ്പിച്ചു. അബ്ദുലത്തീഫ് ബഹ്ദരിയാണ് ടീം ക്യാപ്റ്റൻ.
ചേർത്തുപിടിച്ച് ആസ്ട്രേലിയ
‘‘ഗസ്സയിൽ സംഭവിക്കുന്ന കാര്യത്തിൽ ഞങ്ങൾ എല്ലാവരോടും വളരെ സഹതാപമുള്ളവരാണ്,എന്നാൽ ഇത് ഒരു ഫുട്ബാൾ മത്സരമാണ്. അത് എല്ലാവർക്കും ഒരുപാട് സന്തോഷം നൽകുന്നു’’- ഗസ്സയിലെ സംഘർഷത്തെക്കുറിച്ച് ആസ്ട്രേലിയൻ കോച്ച് ഗ്രഹാം അർനോൾഡ് പറഞ്ഞു. ഫലസ്തീനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽനിന്നുള്ള മാച്ച് ഫീസിന്റെ ഒരു ഭാഗം ഗസ്സയിലെ മാനുഷിക ആവശ്യങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് ആസ്ട്രേലിയ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. കളിക്കാരുടെ സംഘടനയായ പ്രഫഷനൽ ഫുട്ബാളേഴ്സ് ആസ്ട്രേലിയയാണ് തീരുമാനമെടുത്തത്. പി.എഫ്.എയുടെ ഫുട്ബാളേഴ്സ് ട്രസ്റ്റ് വഴി ഗസ്സയിലെ ഓക്സ്ഫാമിന് സംഭാവന എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.