പൊതുഗതാഗതത്തിലേക്ക് യാത്രക്കാരെ ആകർഷിക്കാൻ പദ്ധതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുഗതാഗത സംവിധാനത്തിലേക്ക് ആളുകളെ ആകർഷിക്കാൻ പദ്ധതിയുമായി കാപിറ്റൽ ഗവർണറേറ്റ്. കുവൈത്ത് പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയ സൗജന്യ പൊതുജന സവാരി പദ്ധതിയുടെ ഫ്ലാഗ് ഓഫ് ഗവർണർ ശൈഖ് തലാൽ അൽ ഖാലിദ് നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മുബാറകിയയിലേക്ക് കെ.പി.സി.ടി ബസുകൾ സൗജന്യ സർവിസ് ഒരുക്കി. പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ജനങ്ങളെ കൂടുതൽ അടുപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.
രാജ്യത്തെ പരമ്പരാഗത വ്യാപാര, വിനോദസഞ്ചാര കേന്ദ്രമായ സൂഖ് മുബാറകിയയിലേക്കുള്ള സന്ദർശക പ്രവാഹം എളുപ്പമാക്കുക, ഗതാഗതത്തിരക്ക് കുറക്കുക എന്ന ലക്ഷ്യവുമുണ്ട്. ആദ്യഘട്ടത്തിൽ മൂന്നു റൂട്ടുകളിലാണ് ഈ സേവനം ഒരുക്കിയിട്ടുള്ളത്. കുവൈത്ത് സിറ്റിയിലെ മിനിസ്ട്രി കോപ്ലക്സിന് മുന്നിലുള്ള ബസ് സ്റ്റോപ്പിൽനിന്ന് ആരംഭിച്ച് അഹമ്മദ് ജാബിർ റോഡ് വഴി ദർവാസ അബ്ദുൽ റസാഖിൽ എത്തിച്ചേരുന്നതാണ് ഒരു റൂട്ട്.
രണ്ടാമത്തെ ബസ് സൂഖ് ശർഖിലെ പാർക്കിങ് ലോട്ടിൽനിന്ന് ആരംഭിച്ച് സനബൽ ടവറിന് മുന്നിലൂടെ നാഷനൽ മ്യൂസിയം സ്റ്റോപ്പിലെത്തും. മൂന്നാമത്തെ ബസ് ഷെറാട്ടൺ റൗണ്ട് എബൗട്ടിന് എതിർവശത്തുള്ള അൽ-മൈലം മസ്ജിദിെൻറ പാർക്കിങ് ലോട്ടിൽനിന്ന് ആരംഭിച്ച് അഹമ്മദ് അൽ-ജാബിർ സ്ട്രീറ്റിലൂടെ ദർവാസയിലെത്തും.
മൂന്നുസ്ഥലങ്ങളിൽനിന്നും രാവിലെ പത്തുമുതൽ രാത്രി പത്തുവരെ ഓരോ അരമണിക്കൂർ ഇടവിട്ടും ഷട്ടിൽ സർവീസ് ഉണ്ടായിരിക്കുമെന്ന് കുവൈത്ത് പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി സി.ഇ.ഒ മൻസൂർ അൽ സാദ് അറിയിച്ചു. ആറു ബസുകളാണ് കെ.പി.ടി.സി പദ്ധതിക്കായി വിട്ടുനൽകിയത്.
ഗതാഗത വകുപ്പ് മേധാവി മേജർ ജനറൽ ജമാൽ അൽ സായിഗ്, ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരും ഫ്ലാഗ് ഓഫ് ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.