കുഞ്ചൻ നമ്പ്യാരുടെ ജീവിതം കോർത്തിണക്കി നാടകം
text_fieldsകുവൈത്ത് സിറ്റി: നർമത്തിൽ പൊതിഞ്ഞ സാമൂഹികവിമർശനത്തിലൂടെ മലയാളികളുടെ ബോധമണ്ഡലങ്ങളെ ഉണർത്തിയ കുഞ്ചൻ നമ്പ്യാരുടെ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കി‘കഥകൾക്കപ്പുറം മിഴാവ് പറഞ്ഞ കഥ’ നാടകം അരങ്ങിലെത്തി. തുള്ളൽ കഥയുടെ ആവിർഭാവത്തെ കുറിച്ച് ഭാവനപരമായി പ്രേക്ഷകരെ അനുഭവിപ്പിച്ച നാടകം രാഷ്ട്രീയ, സാമൂഹ്യ അവസ്ഥയോടുള്ള പ്രതികരണമാണ് തുള്ളൽ കഥയുടെ ആലോചനയിലേക്ക് കുഞ്ചൻ നമ്പ്യാരെ നയിച്ചതെന്നും പറഞ്ഞു വെക്കുന്നു.
ബോയ്സ് സ്കൗട്ട് ഹാളിൽ നാടകം കാണാൻ നിരവധി പേരെത്തി. ഫ്യൂച്ചർ ഐ തിയറ്ററിന്റെ ബാനറിൽ ഷെമേജ് കുമാറാണ് നാടക രചനയും സംവിധാനവും നിർവഹിച്ചത്. ഫ്യൂച്ചർ ഐ തിയറ്ററിന്റെ പതിനാലാമതു നാടകമാണ് ‘കഥകൾക്കപ്പുറം മിഴാവ് പറഞ്ഞ കഥ’. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ദൃശ്യവിസ്മയം നാടകത്തിന്റെ പ്രത്യേകതയായി. വിവിധ വേദികളിലൂടെ കഴിവ് തെളിയിച്ച ഷൈമോൻ ചേലാടാണ് പ്രകാശന സംവിധാനം നിർവഹിച്ചത്.
കുഞ്ചൻ നമ്പ്യാരായി ഉണ്ണി കൈമളും, ചാക്യാരായി പി.ജി. ജ്യോതിഷ് എന്നിവർ വേഷമിട്ടു. വസുന്ധര എന്ന കഥാ പാത്രത്തെ രമ്യ രതീഷ് അവതരിപ്പിച്ചു. വട്ടിയൂർ കാവ് കൃഷ്ണ കുമാർ, ഡോ. എബ്രഹാം, ഡോ. പ്രമോദ്, നൗഷാദ് മംഗളത്തോപ്പ്, ലിയോ, ബിവിൻ തുടങ്ങി കുവൈത്തിലെ നടീ നടന്മാരും അരങ്ങിലെത്തി.
ഫഹാഹീൽ ഇംഗ്ലീഷ് സ്കൂൾ ഡെപ്യൂട്ടി പ്രിൻസിപ്പൽ പീറ്റർ മുല്ലേയ്, വൺ വേൾഡ് തിയേറ്റർ ഫൗണ്ടറായ അലിസൺ ഷാൻ പ്രൈസ്, ഷൈമോൻ ചേലാട് തുടങ്ങിയവർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഫ്യൂച്ചർ ഐ തിയറ്റർ പ്രസിഡന്റ് വട്ടിയൂർക്കാവ് കൃഷ്ണകുമാർ അധ്യക്ഷ വഹിച്ചു. സംവിധായകൻ ഷമേജ് കുമാർ നാടകത്തിന്റെ വിശദാംശങ്ങൾ വിവരിച്ചു. ട്രഷറർ ശരത് നായർ സുവനീർ കോപ്പി പീറ്റർ മുല്ലേക് നൽകി പ്രകാശനം നിർവഹിച്ചു. രക്ഷാധികാരി സന്തോഷ് കുട്ടത്തു സ്വാഗതവും മീഡിയ കൺവീനർ പ്രമോദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.