21 കുവൈത്തികളുടെ മൃതദേഹാവശിഷ്ടം ഇറാഖിൽനിന്ന് ഏറ്റുവാങ്ങി
text_fieldsകുവൈത്ത് സിറ്റി: അധിനിവേശകാലത്ത് കാണാതായ കുവൈത്ത് പൗരന്മാരുടെ ഭൗതികാവശിഷ്ടങ്ങൾ ഇറാഖ് കുവൈത്തിന് കൈമാറി.ഇറാഖ് കുവൈത്ത് അതിർത്തിയായ അബ്ദലിയിൽ നടന്ന ചടങ്ങിൽ ആണ് 21 യുദ്ധത്തടവുകാരുടെ ഭൗതികാവശിഷ്ടങ്ങൾ കുവൈത്ത് ഏറ്റുവാങ്ങിയത്. അധിനിവേശകാലത്ത് ഇറാഖ് സേന പിടിച്ചുകൊണ്ടുപോയവരെന്ന് കരുതുന്നവരുടെ ഭൗതികാവശിഷ്ടമാണ് കണ്ടെത്തിയത്. ഇവരുടെ പേരുവിവരങ്ങൾ ഡി.എൻ.എ പരിശോധനക്ക് ശേഷം വെളിപ്പെടുത്തും. ഇത് സങ്കീർണമായ പ്രക്രിയയാണെന്നും സമയമെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ പ്രിസണേഴ്സ് ആൻഡ് മിസ്സിങ് കമ്മിറ്റി ചെയർമാൻ റബീഹ് അൽ അദസാനി പറഞ്ഞു.
ഇറാഖ് പ്രതിരോധ മന്ത്രാലയവും ഇൻറർനാഷനൽ റെഡ് ക്രോസ് കമ്മിറ്റിയും യു.എൻ അസിസ്റ്റൻറ് മിഷൻ ഇൻ ഇറാഖ് പ്രതിനിധികളും അടങ്ങുന്ന സംഘം കുവൈത്ത് അധികൃതർക്ക് കൈമാറി. അധിനിവേശകാലത്തു കുവൈത്തിൽനിന്ന് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരെ കൊലപ്പെടുത്തി മരുഭൂമിയിൽ അടക്കം ചെയ്തതാകാമെന്നാണ് നിഗമനം. 1990ലെ ഇറാഖ് അധിനിവേശ കാലത്ത് 600ലേറെ പേരെയാണ് കുവൈത്തിൽ നിന്നും കാണാതായത്. അന്താരാഷ്ട്ര റെഡ്ക്രോസ് സംഘം ഇറാഖിൽ നടത്തിയ പര്യവേഷണത്തിലാണ് കുവൈത്ത് യുദ്ധത്തടവുകാരുടേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഇറാഖിലെ കൂട്ടക്കുഴിമാടങ്ങളിൽനിന്ന്, കാണാതായ ചില കുവൈത്തികളുടെ മൃതദേഹ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ അവശിഷ്ടങ്ങൾ കുവൈത്തിലെത്തിച്ച് മറവ് ചെയ്യുകയാണ് അന്ന് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.