റോഡുകൾ ഇനി സൂപ്പറാകും; പൊതുമരാമത്ത് മന്ത്രി വിവിധ കമ്പനികളുമായി കരാറിൽ ഒപ്പുവെച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകൾ വൈകാതെ മെച്ചപ്പെടും. റോഡുകളുടെ സമഗ്രമായ അറ്റകുറ്റപ്പണികൾക്കുള്ള കരാറിൽ വിവിധ കമ്പനികളുമായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ ഒപ്പുവെച്ചു.
രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ 18 പ്രധാന റോഡ് അറ്റകുറ്റപ്പണികൾ ഉൾപ്പെടെ ഹൈവേയുടെയും ഉൾറോഡുകളുടെയും അറ്റകുറ്റപ്പണിക്കൊപ്പം മഴവെള്ള ശൃംഖലകളുടെ ക്രമീകരണം, തെരുവ് വിളക്കുകൾ, ടെലിഫോൺ ശൃംഖലകൾ, തെരുവുകളും നടപ്പാതകളും എന്നിവയുടെ അറ്റകുറ്റപ്പണിയും പൂർത്തിയാക്കും.
ഏകദേശം 400 ദശലക്ഷം കുവൈത്ത് ദീനാർ മൂല്യമുള്ളതാണ് കരാർ. ഒരു വർഷത്തിലേറെ നീണ്ട സമഗ്രമായ പഠനത്തിന് ശേഷമാണ് കരാറുകളിൽ ഒപ്പിട്ടതെന്ന് റോഡ്സ് അതോറിറ്റിയുടെ ആക്ടിങ് ഡയറക്ടർ ജനറൽ ഖാലിദ് അൽ ഒസൈമി പറഞ്ഞു.
രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെയും എല്ലാ പ്രദേശങ്ങളിലെയും ഹൈവേകളും ഉൾറോഡുകളും തെരുവുകളും സമഗ്രമായി നന്നാക്കുന്നതിനൊപ്പം പ്രത്യേക വാറന്റി കാലയളവും ഉൾപ്പെടുന്നതാണ് കരാർ. ആഭ്യന്തര, ഗൾഫ്, വിദേശ കമ്പനികൾ ഉൾപ്പെടുന്ന സംഘമാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. കരാർ ഒപ്പുവെച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.