കാണാതായ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: കബ്ദില്നിന്നും കാണാതായ സ്വദേശി യുവാവ് മുബാറക് അൽ റാഷിദിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഒരുമാസത്തിലേറെയായി കാണാതായ അൽ റഷീദിയെ കണ്ടെത്താന്‍ വെള്ളിയാഴ്ച വിപുലമായ തിരച്ചിലാണ് നടത്തിയത്.
ഹെലികോപ്ടറുകൾ 120 സ്ക്വാഡുകളും ഇരുനൂറിലധികം പൊലീസുകാരും 90 പട്രോളിങ് വാഹനങ്ങളും വെള്ളിയാഴ്ച തിരച്ചിലിന്റെ ഭാഗമായി. രാജ്യം കണ്ട ഏറ്റവും വലിയ തിരച്ചിലിനാണ് കഴിഞ്ഞദിവസം കബ്ദ് പ്രദേശം സാക്ഷ്യം വഹിച്ചത്.
ആളുകൾക്ക് തങ്ങാൻ മരുഭൂമിയിൽ പ്രത്യേക ടെന്റ് നിർമിച്ച്, എല്ലാ ഭാഗങ്ങളിലേക്കും വാഹനങ്ങൾ അയച്ചും, ഡോഗ് സ്ക്വാഡും പൊലീസുകാരും വലിയ രൂപത്തിൽ മരുഭൂമിയിൽ തിരച്ചിൽ നടത്തി. ആകാശമാർഗം ഹെലികോപ്ടറും തിരച്ചിലിന്റെ ഭാഗമായി. ഒന്നാം ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹിന്റെ നിർദേശ പ്രകാരമാണ് വിപുലമായ തിരച്ചിൽ നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്. ജനറൽ അൻവർ അൽ ബർജാസ് പറഞ്ഞു.
തിരച്ചിലിന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്. ജനറൽ അൻവർ അൽ ബർജാസ്, മേജർ ജനറൽ ജമാൽ അൽ സയേഗ് എന്നിവര്‍ നേതൃത്വം നല്കി. കാണാതായ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടിയന്തര ഫോൺ നമ്പറായ 112 അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.