എംബസിയിലെ രണ്ടാമത് ഒാപൺ ഹൗസിലും ജനപങ്കാളിത്തം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ നടന്ന രണ്ടാമത് ഓപൺ ഹൗസിലും നല്ല ജനപങ്കാളിത്തമുണ്ടായി. കഴിഞ്ഞ ഓപൺ ഹൗസിൽ ലഭിച്ച പരാതികളും അവയിൽ എംബസി കൈകൊണ്ട നടപടികളും മൾട്ടി മീഡിയ പ്രസേൻറഷനിലൂടെ എംബസി ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്ന വിഷയത്തിലായിരുന്നു ഇൗ ആഴ്ച ഓപൺ ഹൗസ് നടന്നത്. െഎ.സി.ഡബ്ല്യൂ.എഫ് സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ വിനിയോഗിക്കാനുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും എംബസി സമാഹരിച്ചുവരുകയാണെന്ന് അംബാസഡർ പറഞ്ഞു.
കമ്മ്യൂണിറ്റി ഫണ്ടിൽ നിന്ന് സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാനായി കോൺസുലാർ ഹാളിലും ഔട്ട് സോഴ്സ് കേന്ദ്രങ്ങളിലും പ്രത്യേക പെട്ടി സ്ഥാപിച്ചിട്ടുണ്ട്. ആദ്യ ഓപൺ ഹൗസിൽ ഉന്നയിക്കപ്പെട്ട പരാതികളിൽ എംബസി കൈക്കൊണ്ട നടപടികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികളുടെ മടക്കയാത്ര ഉൾപ്പെടെ പ്രശ്നങ്ങൾ കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. വന്ദേ ഭാരത് വിമാന സർവിസുകളിലെ അനിശ്ചിതത്വം പരിഹരിക്കാനും അമൃത്സർ ഉൾപ്പെടെ സഥലങ്ങളിലേക്കു സർവിസ് ഉറപ്പാക്കാനും സാധിച്ചു. ഇന്ത്യൻ എൻജിനീയർമാരുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടുത്ത ഓപൺ ഹൗസിൽ വിശദമായി ചർച്ചചെയ്യുമെന്നും അംബാസഡർ വ്യക്തമാക്കി.
ജോലിയിൽനിന്ന് വിരമിക്കുന്ന എംബസി ഫസ്റ്റ് സെക്രട്ടറി നാരായണൻ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനായി ചെയ്ത സേവനങ്ങളെ അംബാസഡർ എടുത്തുപറഞ്ഞു. അദ്ദേഹത്തിന് ആദരമർപ്പിച്ചായിരുന്നു ഓപൺ ഹൗസ് ആരംഭിച്ചത്. എംബസിയിൽ സജ്ജീകരിച്ച തീമാറ്റിക് ലൈബ്രറിയുടെ ഉദ്ഘാടനം അംബാസഡർ സിബി ജോർജ് നിർവഹിച്ചു. ഓണക്കാലമായതിനാൽ ഫെസ്റ്റിവൽസ് ഓഫ് ഇന്ത്യ എന്ന തീമിലാണ് അടുത്ത രണ്ടാഴ്ചക്കാലം ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എംബസി തീമാറ്റിക് ലൈബ്രറി ഒരുക്കിയത്. എംബസി ലൈബ്രറിയിലെ ബൃഹത്തായ പുസ്തകശേഖരം ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് പദ്ധതി. ഇതിനായി ഓരോ ആഴ്ചയും വ്യത്യസ്ത വിഷയങ്ങൾ തെരഞ്ഞെടുക്കും.
ഫെസ്റ്റിവൽസ് ഓഫ് ഇന്ത്യ എന്ന തലക്കെട്ടിൽ ഓണം ആണ് അടുത്ത രണ്ടാഴ്ചക്കാലത്തെ ലൈബ്രറി തീം. ഓണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഇതിനായുള്ള ചോദ്യാവലി ലൈബ്രറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. എംബസിയിലെത്തുന്ന ആർക്കും ലൈബ്രറി സന്ദർശിക്കാനും ക്വിസ് മത്സരത്തിൽ പങ്കെടുക്കാനും അവസരമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.