ഐ.എൻ.എസ് വിശാഖപട്ടണം കുവൈത്തിലെത്തി; കാഴ്ചക്കാരായി നിരവധി പേർ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ നാവികസേന കപ്പൽ ഐ.എൻ.എസ് വിശാഖപട്ടണം കുവൈത്തിലെത്തി. ശനിയാഴ്ച പുലർച്ച ഷുവൈഖ് തുറമുഖത്ത് എത്തിയ കപ്പൽ കുവൈത്ത് നാവികസേനയും അതിർത്തി രക്ഷാസേനയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സ്വീകരിച്ചു. കപ്പലിനെ സ്വീകരിക്കാൻ ത്രിവർണ പതാകയുമായി സ്കൂൾ കുട്ടികളും എത്തി.
ശനി, ഞായർ ദിവസങ്ങളിൽ ഷുവൈഖ് തീരത്ത് നങ്കൂരമിടുന്ന കപ്പൽ സന്ദർശിക്കാൻ ഇന്ത്യൻ സ്വദേശികൾക്കും അവസരം ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ആറു മുതൽ ഏഴുവരെയാണ് സന്ദർശന സമയം. ഇതിനായി ഓൺലൈനായി നേരത്തേ അപേക്ഷ സ്വീകരിച്ചിരുന്നു.
ഇന്ത്യൻ നാവികസേനയും കുവൈത്ത് നാവികസേനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതു ലക്ഷ്യമിട്ടാണ് ഐ.എൻ.എസ് വിശാഖപട്ടണത്തിന്റെ കുവൈത്ത് സന്ദർശനം. ഇരു നാവിക വിഭാഗവും പ്രത്യേക പരിശീലന പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കപ്പൽ സന്ദർശിച്ചു. ഐ.എൻ.എസ് വിശാഖപട്ടണം റിയർ അഡ്മിറൽ മക്കാർത്തി, ക്യാപ്റ്റൻ റാവു എന്നിവർ ഡോ. ആദർശ് സ്വൈകയെ സ്വീകരിച്ചു. കപ്പൽ പ്രവർത്തനങ്ങളെക്കുറിച്ചും അതിന്റെ നൂതന സംവിധാനങ്ങളെക്കുറിച്ചും ഇരുവരും അംബാസഡർക്ക് വിശദീകരിച്ചു.
2021 നവംബറില് കമീഷൻ ചെയ്യപ്പെട്ട ഐ.എൻ.എസ് വിശാഖപട്ടണം ഇന്ത്യൻ നേവിയുടെ അഭിമാനകരമായ സംരംഭങ്ങളിലൊന്നാണ്. ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് പോവാൻ കഴിവുള്ള മിസൈൽവേധ കപ്പലാണ് ഐ.എൻ.എസ് വിശാഖപട്ടണം. 163 മീറ്റർ നീളവും 7000 ടൺ ഭാരമുള്ള കപ്പലിൽ ബ്രഹ്മോസ് അടക്കം അത്യാധുനിക മിസൈലുകൾ ഘടിപ്പിക്കാം.
രണ്ട് ഹെലികോപ്ടറുകളെ വഹിക്കാനുമാകും. രാസ, ആണവ ആക്രമണം നടന്ന അന്തരീക്ഷത്തിലും ഐ.എൻ.എസ് വിശാഖപട്ടണം പ്രവർത്തിക്കും. കുവൈത്തിലെത്തിയ കപ്പൽ കാണാൻ നിരവധി ഇന്ത്യൻ പ്രവാസികൾ ശനിയാഴ്ച ഷുവൈഖ് തുറമുഖത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.