രാജ്യം തെരഞ്ഞെടുപ്പുചൂടിലേക്ക്
text_fieldsകുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പ് തീയതിയിലേക്ക് അടുക്കവെ രാജ്യം മത്സരച്ചൂടിലേക്ക്. പത്രികസമർപ്പണം കഴിഞ്ഞതോടെ സ്ഥാനാർഥികൾ പ്രചാരണരംഗത്ത് സജീവമായി. വികസനം, സമഗ്ര പുരോഗതി എന്നിവയാണ് മിക്കവരും മുന്നോട്ടുവെക്കുന്ന പ്രധാന മുദ്രാവാക്യം. അതിനൊപ്പം രാജ്യം നേരിടുന്ന വിവിധ വിഷയങ്ങളും സ്ഥാനാർഥികൾ ചർച്ചയാക്കുന്നുണ്ട്. പ്രധാന ദേശീയ വിഷയങ്ങളിലാണ് പ്രതിപക്ഷം പ്രചാരണം കേന്ദ്രീകരിക്കുന്നത്. അഴിമതി, ജോലി, പാർപ്പിടം എന്നിവയിൽ നേരിടുന്ന പ്രശ്നങ്ങൾ കഴിഞ്ഞ ദിവസം ചില സ്ഥാനാർഥികൾ ഉയർത്തിക്കൊണ്ടുവന്നു. അഴിമതി രാജ്യത്തെ നശിപ്പിക്കുകയാണെന്ന് ചിലർ മുന്നറിയിപ്പ് നൽകി. ബജറ്റിന്റെ 35 ശതമാനത്തിലേറെയും അഴിമതി കാർന്നുതിന്നുന്നതായും ഉയർത്തിക്കാട്ടി. ഓഡിറ്റ് ബ്യൂറോ പോലുള്ള സൂപ്പർവൈസറി ബോഡികൾ സജീവമാക്കുകയും അഴിമതിക്കേസുകളുടെ ഫയലുകൾ കൂടുതൽ സജീവമായി കോടതിയിലേക്ക് അയക്കുകയും ചെയ്യുക എന്നതാണ് പരിഹാരമെന്നും അതിന് മികച്ച എം.പിമാരെ തെരഞ്ഞെടുക്കാനും സ്ഥാനാർഥികൾ ആഹ്വാനം ചെയ്തു. ഭവനനിർമാണത്തിന്റെ വിട്ടുമാറാത്ത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്നും ചിലർ സൂചിപ്പിച്ചു. ജനസംഖ്യയും തൊഴിലില്ലായ്മയും തെരഞ്ഞെടുപ്പ് ചർച്ചയാണ്. ജനസംഖ്യയുടെ 70 ശതമാനം വരുന്ന പ്രവാസികളെ നിയന്ത്രിക്കണമെന്ന ചില വാദവും സ്ഥാനാർഥികൾ മുന്നോട്ടുവെക്കുന്നുണ്ട്. ഗൗരവമേറിയതും ഫലപ്രദവുമായ നടപടികളാണ് അത്യാവശ്യമെന്നും രാജ്യം അതിന്റെ വളർച്ചയുടെ നിർണായകഘട്ടത്തിലാണെന്നും ഭൂരിപക്ഷവും ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, സംസ്ഥാന ഭരണപരിഷ്കരണം പോലുള്ള വിഷയങ്ങളിൽ പ്രചാരണം നടക്കുന്നില്ലെന്ന് പ്രതിപക്ഷം ഉയർത്തിക്കാട്ടി. സർക്കാർ സംവിധാനത്തിനുള്ളിലെ അഴിമതിയും രാജ്യത്തിന്റെ വികസനത്തിന് പ്രാധാന്യമുള്ള മറ്റു വിഷയങ്ങളും ചർച്ചയാകണമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.