താപനില ഉയരുന്നു; വേനൽ കനക്കുമെന്ന് നിരീക്ഷണം
text_fieldsകുവൈത്ത് സിറ്റി: സമശീതോഷ്ണ കാലാവസ്ഥയിൽനിന്ന് ഉഷ്ണകാലത്തിലേക്ക് പ്രവേശിച്ചതോടെ രാജ്യത്ത് താപനില ഉയരുന്നു. മേയ് അവസാനത്തോടെ കനത്ത ചൂടിലേക്ക് നീങ്ങുമെന്നാണ് സൂചന.
മേയ് അവസാനത്തോടെ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും. ജൂൺ ആദ്യം മുതൽ ആഗസ്റ്റ് അവസാനം വരെ കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടാറ്. ഈ ആഴ്ച 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നിട്ടുണ്ട്. മേയ് 13ന് പകൽ 43 ഡിഗ്രി സെൽഷ്യസിൽ എത്തി. ശരാശരി 30 ഡിഗ്രി സെൽഷ്യസിലേക്ക് കുറഞ്ഞ താപനിലയും ഉയർന്നിട്ടുണ്ട്. ഇതോടെ രാത്രിയും ചൂട് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം അവസാനം 30 ഡിഗ്രി സെൽഷ്യസിന് താഴെ മാത്രമായിരുന്ന താപനിലയാണ് ഈ ആഴ്ചയോടെ 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നത്.
ചൂട് കണക്കിലെടുത്ത് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പുറംജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ വർഷം മൂന്ന് മാസം പുറംജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്.
നേരിട്ട് സൂര്യതാപം ഏൽക്കുന്നതുവഴി ക്ഷീണവും മറ്റ് അപകടങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ വിവിധ ഘടകങ്ങൾ കാരണം ജി.സി.സി രാജ്യങ്ങളിൽ പൊതുവിലും കുവൈത്തിൽ മുൻ കാലങ്ങളെ അപേക്ഷിച്ചും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ജൂണിൽ ലോകത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ അഞ്ചു സ്ഥലങ്ങൾ കുവൈത്തിലായിരുന്നു. ലോകരാജ്യങ്ങളിലെ താപനില രേഖപ്പെടുത്തുന്ന എൽഡോറാഡോ വെബ് സൈറ്റ് പുറത്തുവിട്ട പട്ടികയിൽ ജഹ്റ, സുലൈബിയ മേഖല, അബ്ദലി, വഫ്ര കാർഷിക മേഖല, കുവൈത്ത് വിമാനത്താവളം എന്നിവയാണ് ഉൾപ്പെട്ടത്.ആഗോളതാപനമാണ് ഉയർന്ന താപനിലയുടെ പ്രധാന കാരണമെന്ന് കുവൈത്ത് ആസ്ട്രോണമിക്കൽ സൊസൈറ്റി പ്രസിഡന്റ് അദെൽ അൽ സദൂൻ പറഞ്ഞു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ താപനില ഉയരുമെന്നും സാദൂൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.