താപനില ഇനിയും ഉയരും...
text_fieldsകുവൈത്ത് സിറ്റി: വരുംദിവസങ്ങളിൽ രാജ്യത്ത് താപനില ഗണ്യമായി ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്. ഈ മാസം 29 മുതൽ മിർസാം സീസണിന് തുടക്കമാകും. വേനൽക്കാലത്തിന്റെ പുതിയ ഘട്ടമാണിതെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഉയർന്ന താപനിലയാണ് മിർസാം സീസണിന്റെ സവിശേഷത. ഈ ഘട്ടത്തിൽ ചൂട് അതിന്റെ ഏറ്റവും തീവ്രമായ ഉയർച്ചയിലെത്തും.
തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കും. മിർസാം സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും ചെയ്യും. അതേസമയം, രാജ്യത്ത് ഈ മാസം 16 മുതൽ രണ്ടാം ജെമിനി സീസണിന്റെ തുടക്കമായിട്ടുണ്ട്. 13 ദിവസം നീണ്ടുനിൽക്കുന്ന ജെമിനി സീസണുകളുടെ രണ്ടാം കാലഘട്ടം ചൂടേറിയ കാലഘട്ടമായാണ് കണക്കാക്കുന്നത്.
കൊടുംചൂടും ചൂടുള്ള വടക്കൻ കാറ്റും ഉള്ളതിനാൽ ഇത് ‘അഹുറ വേനൽ’ എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. രാത്രിയിൽപോലും ശക്തമായ ചൂടും കാറ്റും അനുഭവപ്പെടുന്നുണ്ട്. പലദിവസങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നുണ്ട്. നിലവിൽ പകലിനും ദൈർഘ്യം കൂടുതലാണ്. പകൽ 13 മണിക്കൂറിൽ കൂടുതലാണ്.
കനത്ത ചൂടിൽ സൂര്യാഘാതം, ക്ഷീണം, തീപിടിത്തങ്ങൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കാനും പ്രതിരോധനടപടികൾ സ്വീകരിക്കാനും അധികൃതർ ഉണർത്തി. ഈ കാലയളവിൽ ജാഗ്രതയും ശ്രദ്ധയും നിലനിർത്തുന്നത് സുരക്ഷ ഉറപ്പാക്കാൻ അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.