വെല്‍ഫെയര്‍ കേരള കുവൈത്ത് മൂന്നാമത് ചാര്‍ട്ടര്‍ വിമാനം കുവൈത്തിലെത്തി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് സാഹചര്യത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ കാരണം ദീര്‍ഘകാലം നാട്ടില്‍ കുടുങ്ങിക്കിടന്ന പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ മൂന്നാമത് ചാര്‍ട്ടര്‍ വിമാനം കുവൈത്തിലെത്തി. മസ്കത്ത് വഴി 90 യാത്രക്കാരാണ് ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ കുവൈത്തിലെത്തിയത്. കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്ന് സലാം എയറിന് മസ്കത്തിലെത്തിയ യാത്രക്കാർ ജസീറ എയർവേസിൽ കുവൈത്തിലെത്തി. തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സസ് ഹോളിഡേയ്സ് ആൻഡ് ട്രാവല്‍സുമായി സഹകരിച്ചാണ് ചാര്‍ട്ടര്‍ വിമാനം സജ്ജമാക്കിയത്. വിസ കാലാവധി തീരാനിരിക്കുന്നവര്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലായവർ ചർട്ടർ വിമാനത്തിലുണ്ടായിരുന്നു. ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് വിമാന കമ്പനികള്‍ക്ക് കുറഞ്ഞ ക്വോട്ടയാണ് നിശ്ചയിച്ചിട്ടുള്ളത്.
അതുകൊണ്ട് തന്നെ അടിയന്തരമായി തിരിച്ചെത്തേണ്ടവര്‍ക്ക് ടിക്കറ്റ് ലഭ്യമാകാത്ത അവസ്ഥ തുടരുകയാണ്. വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ ആദ്യ ചാര്‍ട്ടര്‍ വിമാനം സെപ്റ്റംബര്‍ രണ്ടിനും രണ്ടാമത് വിമാനം സെപ്റ്റംബർ 10നും കുവൈത്തിലെത്തിയിരുന്നു. ഒക്ടോബർ 11ന് നാലാമത് ചാർട്ടർ വിമാനവും സജ്ജീകരിച്ചിട്ടുണ്ട്. താരതമ്യേന കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാക്കുകയും യാത്രാസംബന്ധമായ കൃത്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്ത വെൽഫെയർ കേരള കുവൈത്തിന് യാത്രക്കാർ നന്ദി പറഞ്ഞു. പദ്ധതിക്ക് ഖലീല്‍ റഹ്മാന്, സഫ്വാന്, അന്‍വര്‍ സഇൗദ്, ഗിരീഷ് വയനാട്, ലായിക് അഹമ്മദ്, അന്‍വര്‍ ഷാജി, റഫീഖ് ബാബു, ഷഫീര്‍ അബൂബക്കര്‍, ഷൗക്കത്ത് വളാഞ്ചേരി, എം.കെ. ഗഫൂര്‍, വിഷ്ണു നടേശ്, റഷീദ് ഖാന്, അഫ്താബ്, അനിയന് കുഞ്ഞ് എന്നിവര്‍ നേതൃത്വം നല്കി.കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് പ്രവാസികള്‍ക്ക് നാടണയാന്‍ കുവൈത്തില്‍നിന്നും കഴിഞ്ഞവർഷം വെല്‍ഫെയര്‍ കേരള കുവൈത്ത് സൗജന്യമായി ചാർട്ടർ വിമാനം അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.