സമയപരിധി അവസാനിക്കുന്നു; ബയോമെട്രിക് പൂർത്തിയാക്കാൻ ഉണർത്തി ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ബയോമെട്രിക് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഉണർത്തി വീണ്ടും ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബർ 30ന് അവസാനിക്കുന്ന സമയപരിധിക്ക് മുമ്പ് ബയോമെട്രിക് വിരലടയാളം ചെയ്യാൻ ആഭ്യന്തര മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു. പ്രവാസികൾക്ക് ഡിസംബർ 31 ആണ് സമയപരിധി.
സമയപരിധി അവസാനിച്ചിട്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ സിവിൽ കാർഡുകളും എല്ലാ സർക്കാർ, ബാങ്കിങ് ഇടപാടുകളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒക്ടോബർ ഒന്നു മുതൽ ഷോപ്പിങ് മാളുകളിലെ ഫിംഗർപ്രിന്റ് ഓഫിസുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കും.
പിന്നീട് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസുമായി അഫിലിയേറ്റ് ചെയ്ത വ്യക്തിത്വ അന്വേഷണ വകുപ്പുകളിൽ ബയോമെട്രിക് സൗകര്യമുണ്ടാകും.
ഇത് എല്ലാ ദിവസവും രാവിലെ എട്ടു മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. ബയോമെട്രിക് നടപടികൾക്ക് പോകുന്നതിന് മുമ്പ് സഹൽ ആപ്ലിക്കേഷൻ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം.
എട്ടു ലക്ഷം പ്രവാസികളും 1,75,000 കുവൈത്തികളും ബയോമെട്രിക്സ് പൂർത്തിയാക്കാൻ ബാക്കിയുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലെ പേഴ്സണാലിറ്റി ഇൻവെസ്റ്റിഗേഷൻ ആൻഡ് ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ നായിഫ് അൽ മുതൈരി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.