ഒത്തുകൂടലുകൾ വൈറസ് വ്യാപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയ പഠനം
text_fieldsകുവൈത്ത് സിറ്റി: ആസൂത്രിതമായി സംഘടിപ്പിച്ച ചടങ്ങുകളും ഒത്തുകൂടലുകളും രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണമായതായി ആരോഗ്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കർഫ്യൂ അടക്കം നടപടികളുമായി അധികൃതർ കോവിഡ് നിയന്ത്രിക്കാൻ പാടുപെടുേമ്പാൾ ഒരു വിഭാഗം ഇതിനെ ഗൗനിക്കുന്നില്ല.
കുടുംബ സംഗമങ്ങളും മറ്റു തരത്തിലുള്ള കൂടിച്ചേരലുകളും ധാരാളം നടക്കുന്നതായാണ് വ്യക്തമായത്. ആരോഗ്യമുള്ളവർ വൈറസ് ബാധിതരുമായി ഇടകലരാൻ ഇത്തരം ചടങ്ങുകൾ വഴിവെക്കുന്നു. അതേസമയം, രോഗം ബാധിച്ചവർ തങ്ങൾ എവിടെയെല്ലാം പോയിരുന്നുവെന്ന് സത്യസന്ധമായി വ്യക്തമാക്കുന്നില്ലെന്നും അധികൃതർ കരുതുന്നു.
രാജ്യത്ത് ഒത്തുകൂടലുകൾക്ക് വിലക്കുള്ളതിനാൽ അനധികൃതമായി സംഘടിപ്പിക്കപ്പെട്ട പരിപാടികളെ കുറിച്ച് ആളുകൾ മറച്ചുവെക്കുന്നു. കർഫ്യൂ പ്രാബല്യത്തിലുണ്ടായിട്ടും പ്രതിദിന കേസുകൾ കൂടുതലാണ്. തിങ്കളാഴ്ച 1510 പുതിയ കേസുകളാണുണ്ടായത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,58,497 പേർക്കാണ്. തിങ്കളാഴ്ച 1231 പേർ അടക്കം 2,41,696 പേർ രോഗമുക്തരായി. എട്ടുപേർ കൂടി മരിച്ചു. തിങ്കളാഴ്ച വരെ 1456 പേരാണ് മരിച്ചത്. ബാക്കി 15,345 പേരാണ് ചികിത്സയിലുള്ളത്. 254 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.
8273 പേർക്കു കൂടി തിങ്കളാഴ്ച കോവിഡ് പരിശോധന നടത്തി. ആകെ 22,28,166 പേർക്കാണ് പരിശോധന നടത്തിയത്. കുവൈത്ത് (15,345), സൗദി (9508), ബഹ്റൈൻ (11,155), ഖത്തർ (22,392), യു.എ.ഇ (16,075), ഒമാൻ (17,870) എന്നിങ്ങനെയാണ് വിവിധ ജി.സി.സി രാജ്യങ്ങളിൽ കോവിഡ് ചികിത്സയിലുള്ളവരുടെ കണക്ക്.
കർഫ്യൂ ലംഘനം: 38 പേർകൂടി പിടിയിൽ
11 കുവൈത്തികളും 27 വിദേശികളുമാണ് പിടിയിലായത്
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കുവൈത്തിൽ തിങ്കളാഴ്ച 38 പേർ കൂടി പിടിയിലായി. 11 കുവൈത്തികളും 27 വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ രണ്ടുപേർ, ഹവല്ലി ഗവർണറേറ്റിൽ രണ്ടുപേർ, ഫർവാനിയ ഗവർണറേറ്റിൽ 19 പേർ, ജഹ്റ ഗവർണറേറ്റിൽ ഒമ്പതു പേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ മൂന്നുപേർ, അഹ്മദി ഗവർണറേറ്റിൽ മൂന്നുപേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്.
കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയാണ് നിലവിൽ കർഫ്യൂ. രാത്രി പത്തുവരെയും റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.