വോട്ടുവിമാനങ്ങൾ ഇത്തവണ ഉണ്ടാവില്ല
text_fieldsകുവൈത്ത് സിറ്റി: സാധാരണ ഓരോ തെരഞ്ഞെടുപ്പിനും ഗൾഫ് നാടുകളിൽനിന്ന് 'പ്രത്യേക'വിമാനങ്ങൾ പറക്കാറുണ്ട്. നാട്ടിലെത്തുക, വോട്ട് ചെയ്യുക, അടുത്ത ദിവസം തിരിച്ചുവരുക ഇതായിരുന്നു ഈ വിമാനങ്ങളുടെ പ്രത്യേകത. ഒരു വിമാനം നിറയെ വോട്ടർമാരുമായി പറന്ന ചരിത്രങ്ങൾ പോലും ഗൾഫ് നാടുകളിലുണ്ട്. നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനകളാണ് ഈ വോട്ടർമാരുടെ യാത്ര സ്പോൺസർ ചെയ്തിരുന്നത്. നാട്ടിൽ പോകാൻ കാത്തുനിന്നവർക്ക് പാർട്ടിക്കാരുടെ വക യാത്രക്ക് അവസരം ലഭിച്ചിരുന്നതും ഇതുവഴിയായിരുന്നു. എന്നാൽ, ഇക്കുറി ഈ വോട്ടർവിമാനങ്ങൾ ഉണ്ടാവില്ല.
നാട്ടിലെ ക്വാറൻറീനാണ് പ്രധാന വില്ലൻ. കേരളത്തിൽ ഏഴ് ദിവസം ഹോം ക്വാറൻറീൻ നിർബന്ധമാണ്. ഇതിന് ശേഷം പരിശോധിച്ച് കോവിഡ് നെഗറ്റിവ് ഫലം വന്നാൽ മാത്രമേ പുറത്തിറങ്ങാനും വോട്ട് ചെയ്യാനും കഴിയു. പരിശോധനയും ഫലം കാത്തിരിപ്പുമെല്ലാമായി പത്ത് ദിവസം വീടിനുള്ളിൽ ഇരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതാണ് പ്രവാസികളെ പിന്നോട്ടുവലിക്കുന്നത്.തെരഞ്ഞെടുപ്പടുക്കുേമ്പാൾ കേരള സർക്കാർ ക്വാറൻറീൻ ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണവർ. കുവൈത്തിനെ സംബന്ധിച്ച് മടങ്ങിവരവും പ്രയാസമാണ്.
ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിലേക്ക് നേരിട്ട് കമേഴ്സ്യൽ വിമാന സർവിസ് ആരംഭിച്ചിട്ടില്ല. തുർക്കി, യു.എ.ഇ, ഇത്യോപ്യ തുടങ്ങി വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് കോവിഡ് മുക്തമാണെന്ന് തെളിയിച്ച് മാത്രമേ കുവൈത്തിലേക്ക് വരാൻ കഴിയൂ. ഇതിനാണെങ്കിൽ വൻ ചെലവ് വരും.അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതെ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. വാർഷിക അവധിയെടുത്ത് ഏറെ നാളായവർ പോലും മടക്കയാത്രയുടെ അനിശ്ചിതത്വം കാരണം ലീവെടുക്കാതെ ഇവിടെ തുടരുകയാണ്.
തിരിച്ച് ഗൾഫിലെത്തുേമ്പാൾ ജോലി ഉണ്ടാവുമോ എന്ന ആശങ്കയും പല പ്രവാസികൾക്കുമുണ്ട്. കോവിഡ് പ്രതിസന്ധിയിൽ വിപണി മാന്ദ്യത്തെ നേരിട്ടതും അതുമറയാക്കിയും അല്ലാതെയും ജോലിക്കാരെ പിരിച്ചുവിടുന്ന കമ്പനികളുമെല്ലാം പ്രവാസികളുടെ തെരഞ്ഞെടുപ്പ് ആവേശം കുറക്കുന്നുണ്ട്. വിമാനം ചാർട്ട് ചെയ്യാനുള്ള സാമ്പത്തിക ബലം രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി ഘടകങ്ങൾക്കും ഇല്ല.
കോവിഡ് കാലത്തെ ജനസേവന പ്രവർത്തനങ്ങൾക്ക് വലിയ തുകയാണ് സംഘടനകൾ ചെലവഴിച്ചത്. ബിസിനസുകാരുടെയും സാധാരണക്കാരുടെയും അടുത്ത് പിരിവിന് ചെല്ലാവുന്ന സാഹചര്യമല്ല നിലവിലുള്ളത്. അതുകൊണ്ടുതന്നെ പതിവ് രീതിയിൽ വോട്ട് ചെയ്യാനായി മാത്രം വിമാനം കയറിപ്പോവുന്ന സ്ഥിതി ഇത്തവണ ഉണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.