പൂർവിക സ്മരണയിൽ ഇവർ മുത്തുവാരുന്നു
text_fieldsകുവൈത്ത് സിറ്റി: പതിറ്റാണ്ടുകൾ മുമ്പ് കടലിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന തങ്ങളുടെ പൂർവികരുടെ സ്മരണയിൽ ഒരുകൂട്ടം കുവൈത്ത് യുവാക്കൾ ‘കടൽജീവിതം’ തുടരുന്നു. ശനിയാഴ്ച ആരംഭിച്ച കുവൈത്ത് പേൾ ഡൈവിങ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈ സാഹസിക ജീവിതം.
കടലിൽ തങ്ങളുടെ പൂർവികർ നടത്തിയിരുന്ന സാഹസിക യാത്രയുടെയും നിരവധി പേരുടെ പ്രധാന ജീവിത സ്രോതസ്സായിരുന്ന മുത്തു പെറുക്കലിന്റെയും ഓർമകൾ വ്യാഴാഴ്ചവരെ നീളുന്ന ഫെസ്റ്റിവലിൽ ഇവർ പുനരാവിഷ്കരിക്കുന്നു. പരമ്പരാഗത വേഷങ്ങളിൽ പഴയകാലത്തെ പായ്ക്കപ്പലിനെ അനുസ്മരിക്കുന്ന കപ്പലിലാണ് ഇവർ കഴിയുന്നത്.
രണ്ടു പായ ഘടിപ്പിച്ച മരക്കപ്പലുകളിലായി 60ഓളം യുവ കുവൈത്തികൾ ഇതിന്റെ ഭാഗമാകും. കഴിഞ്ഞ ദിവസം ഖൈറാൻ ഏരിയയിലെത്തിയ ഇവർ മുത്തുപെറുക്കാൻ കടലിൽ ഇറങ്ങിത്തുടങ്ങി. വ്യാഴാഴ്ച ശേഖരിച്ച മുത്തുകളുമായി കരയിലേക്ക് മടങ്ങും. ‘അൽ ഗഫൽ’ എന്നാണ് ഈ ദിനം അറിയപ്പെടുക.
മുൻകാലങ്ങളിൽ കുവൈത്തിലെ ജനങ്ങൾ ഉപജീവനമാർഗം തേടി നാലുമാസം വരെ നീണ്ട മുത്തു പെറുക്കൽ യാത്രകളിൽ ഏർപ്പെട്ടിരുന്നു. മുങ്ങിയെടുക്കുന്ന മുത്തുകളിലൂടെയാണ് ജീവിതം കണ്ടെത്തിയിരുന്നത്. ഈ ഓർമകൾ നിലനിർത്തുന്നതിന്റെ ഭാഗമായി 1986ലാണ് കുവൈത്ത് സീ സ്പോർട്സ് ക്ലബ് വാർഷിക ഫെസ്റ്റിവലിന് തുടക്കമിട്ടത്.
വാർത്താവിതരണ മന്ത്രാലയം പങ്കെടുത്തവർക്ക് അഞ്ചു ചെറുകപ്പലുകളും നൽകി. അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും കപ്പലുകൾ സമ്മാനിച്ചു. തുടർന്ന് കുവൈത്തിലെ ഒരു തലമുറയുടെ കഥയും നേരനുഭവങ്ങളും ഇതിലൂടെ പുനരാവിഷ്കരിക്കപ്പെട്ടു. കോവിഡ് കാരണം നിർത്തിവെച്ച ഫെസ്റ്റിവൽ മൂന്നുവർഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തവണ തിരികെയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.