യാത്രക്കുമുമ്പ് ശ്രദ്ധിക്കാം...
text_fieldsകുവൈത്ത് പ്രവാസികൾ അറിയാൻ ദിവസങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം കുറിക്കാം. സമയം രാവിലെ പത്ത് മണി. കുവൈത്ത് മിർഗാബിലെ ഫാമിലി കോടതിയിലേക്ക് പോകാൻ ബസ് ഇറങ്ങി എതിർദിശയിലുള്ള കോടതിയിലേക്ക് റോഡ് മുറിച്ചു കടന്നു.
ഉടൻ അവിടെ ഉണ്ടായിരുന്ന ട്രാഫിക് പൊലീസ് വന്ന് സിവിൽ ഐഡി വാങ്ങി ഫോട്ടോയെടുത്തു. കോടതിയിലേക്കാണ്, എതിർവശത്ത് വാഹനം നിര്‍ത്തിയത് കൊണ്ടാണ് റോഡ് മുറിച്ചുകടക്കേണ്ടി വന്നതെന്ന് പറഞ്ഞിട്ടും പ്രയോജനം ഉണ്ടായില്ല. കുറച്ച് കഴിഞ്ഞ് സഹൽ ആപ്പിൽ സന്ദേശം വന്നു. പത്ത് ദീനാർ പിഴയും കൂടെ കേസ് നമ്പറും. ഓഫിസിലെത്തി പിറ്റേ ദിവസം തന്നെ പണമടച്ച് പുലിവാൽ ഒഴിവാക്കി.
ചില വിവരം കൂടി എഴുതട്ടെ. റോഡ് മുറിച്ചുകടക്കാൻ നിശ്ചയിക്കപ്പെട്ട സ്ഥലം മാത്രം തെരഞ്ഞെടുക്കുക.
എളുപ്പം നോക്കി കണ്ടിടത്തെല്ലാം റോഡ് മുറിച്ചുകടന്നാൽ അപകടത്തിനും പിഴ ഈടാക്കാനും ഇടയാക്കാം. മുകളിലെ അനുഭവം അത് ബോധ്യപ്പെടുത്തി.
ഏതെങ്കിലും പിഴ ചുമത്തപ്പെട്ടാൽ വൈകാതെ അത് അടച്ച് നിയമ നടപടികളിൽനിന്ന് ഒഴിവാകുകയും വേണം. അല്ലാത്തപക്ഷം യാത്ര മുടങ്ങാം. ഇത്തരത്തിൽ നിരവധി ആളുകൾ യാത്ര മുടങ്ങി അവസാന നിമിഷം കോടതിയിൽ എത്തുന്ന കാഴ്ച ദിവസവും കാണുന്നു.
വിവിധ പിഴകളും കുടിശ്ശികയും ഉണ്ടെങ്കിൽ യാത്രാനിരോധനം ഏർപ്പെടുത്തും. ട്രാഫിക് പിഴ, വാടക കേസ്, ടെലിഫോൺ, വൈദ്യുതി, വെള്ളം ചാർജ് എന്നിവയെല്ലാം സമയത്ത് അടക്കാൻ ശ്രദ്ധിക്കണം. യാത്രാനിരോധനം ഉണ്ടോയെന്ന് ഉറപ്പുവരുത്തി യാത്രക്ക് ഒരുങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.