താമസരേഖകളില്ലാത്തവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങണം –ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ താമസരേഖകളില്ലാത്ത വിദേശികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ കീഴടങ്ങണമെന്ന് ആഭ്യന്തര മന്ത്രാലയം. ഇങ്ങനെ എത്തുന്നവരെ മറ്റു നടപടികൾ കൂടാതെ സ്പോൺസറുടെ ചെലവിൽ നാട്ടിലേക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു.
താമസനിയമലംഘകരെ കണ്ടെത്താനായുള്ള പരിശോധന തുടരുന്നതിനിടെയാണ് കാമ്പയിന് നേതൃത്വം നൽകുന്ന പൊതുസുരക്ഷ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൗബി താമസരേഖകൾ ഇല്ലാത്ത വിദേശികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് അഭ്യർഥിച്ചത്. അതേസമയം, ഇത് പൊതുമാപ്പായി കാണാൻ കഴിയില്ല.
പുതിയ വിസയിൽ കുവൈത്തിലേക്ക് തിരിച്ചുവരുന്നതിന് തടസ്സമില്ലാത്തവിധം നേരേത്ത നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ ഇളവുകൾ നൽകിയിട്ടും പ്രയോജനപ്പെടുത്താത്തവരെ നാടുകടത്തുമെന്ന തീരുമാനത്തിലാണ് അധികൃതർ. തടവുശിക്ഷയും മറ്റും ഇല്ലാതെ സ്വന്തം നാട്ടിലേക്ക് അയക്കുമെന്നാണ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയുടെ അഭ്യർഥനയിൽനിന്ന് മനസ്സിലാകുന്നത്.
താമസരേഖകൾ ഇല്ലാത്ത വിദേശികളെ മുഴുവൻ തിരഞ്ഞുപിടിച്ച് രാജ്യത്തുനിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആഴ്ച മുതൽ ആഭ്യന്തര മന്ത്രാലയം പ്രത്യേക സുരക്ഷ കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്. ഇതുവരെ അഞ്ഞൂറിലേറെ വിദേശികളെ വിവിധ ഗവർണറേറ്റുകളിൽനിന്നായി പൊലീസ് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞദിവസം ശുവൈഖ് വ്യവസായമേഖലയിൽ നടന്ന റെയ്ഡിൽ 28 പേരാണ് പിടിയിലായത്. സമാന്തരമായി ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ മൂന്നു വാഹനങ്ങളും പിടിച്ചെടുത്തു. ഖുറൈൻ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 80 പേരാണ് പിടിയിലായത്. ഒന്നരലക്ഷത്തോളം വിദേശികൾ താമസരേഖയില്ലാതെ കഴിയുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.