കുവൈത്തിൽ മൂന്നര ലക്ഷം പേർ വാക്സിൻ സ്വീകരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്നര ലക്ഷം പേർ ഇതുവരെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തു. ഇത് ജനസംഖ്യയുടെ 8.2 ശതമാനമാണ്. കൂടുതൽ കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറക്കുകയും വാക്സിൻ ഡോസുകൾ കൂടുതലായി എത്തുകയും ചെയ്തതോടെയാണ് നിരക്ക് വർധിച്ചത്. വാക്സിനേഷൻ നിരക്കിൽ ഗൾഫ് മേഖലയിൽ ഏറ്റവും അവസാനമായിരുന്നിടത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറാൻ രാജ്യത്തിന് കഴിഞ്ഞു.
എല്ലാ ആഴ്ചയും വാക്സിൻ ഷിപ്പ്മെൻറ് നടത്താമെന്ന് ഫൈസർ, ബയോൺടെക് കമ്പനി സമ്മതിച്ചിട്ടുണ്ട്. മൂന്നുമാസത്തിനകം 30 ലക്ഷം ഡോസ് വാക്സിൻ ലഭ്യമാക്കാമെന്ന് ഒാക്സ്ഫഡ്, ആസ്ട്രസെനക കമ്പനിയും സമ്മതിച്ചതായാണ് വിവരം. മോഡേണ വാക്സിൻ ഇറക്കുമതിക്കും കുവൈത്ത് ധാരണയിലെത്തിയിട്ടുണ്ട്. വൈകാതെ ആദ്യ ബാച്ച് മോഡേണ വാക്സിൻ എത്തുമെന്നാണ് റിപ്പോർട്ട്. ആവശ്യത്തിന് വാക്സിൻ എത്തിയാൽ ഇനിയും കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറന്ന് സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാനാണ് അധികൃതരുടെ പദ്ധതി. രാജ്യനിവാസികളുടെ സുരക്ഷ ഉറപ്പാക്കാനായി അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുടെ പൊതു അംഗീകാരമുള്ള വാക്സിൻ മാത്രമേ കുവൈത്ത് ഇറക്കുമതി ചെയ്യുന്നുള്ളൂ.
ഇത്രയും കണിശത പാലിക്കാത്തതിനാലാണ് മറ്റു രാജ്യങ്ങൾക്ക് കുത്തിവെപ്പ് തോതിൽ മുന്നേറാൻ കഴിഞ്ഞതെന്ന് നേരത്തേ കുവൈത്ത് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചിരുന്നു. ഗ്ലോബൽ വാക്സിനേഷൻ കൗണ്ട് ഇൻഡക്സ് (www.covidvax) കുവൈത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചത് ചൂണ്ടിക്കാട്ടുന്നു. കോവിഡ് വാക്സിന് മറ്റു വാക്സിനുകളെ പോലെ ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാവുമെന്നും അത് അപകടകരമല്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നുവെങ്കിലും ഇതുവരെ കുവൈത്തിൽ ആർക്കും ഗുരുതരമായ വാക്സിൻ പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രത്യേക മെഡിക്കൽ സംഘം പാർശ്വഫലം സംബന്ധിച്ച് നിരന്തര നിരീക്ഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.