രാജ്യത്ത് മൂന്ന് എണ്ണ സ്രോതസ്സുകൂടി കണ്ടെത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്നു പുതിയ എണ്ണ സ്രോതസ്സുകൂടി കണ്ടെത്തിയതായി എണ്ണ മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ് അറിയിച്ചു. രാജ്യത്തിെൻറ വടക്ക്-പടിഞ്ഞാറ് ഭാഗത്താണ് ഒന്ന്. രണ്ടാമത്തേത് വടക്കൻ കുവൈത്തിലെ അൽ ഖഷാനിയ ഭാഗത്താണ്. ബുർഗാൻ എണ്ണപ്പാടത്തിെൻറ വടക്കുഭാഗത്ത് കൂട്ടിയെടുക്കാൻ പാകത്തിലാണ് മറ്റൊന്ന്.
എണ്ണ കരുതൽ ശേഖരവും പ്രതിദിന ഉൽപാദന ശേഷിയും വർധിപ്പിക്കാനും രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥക്ക് കരുത്തുപകരാനും സഹായിക്കുന്ന സംഭവവികാസമാണ് എണ്ണപ്പാടം കണ്ടെത്തിയത്. കുറഞ്ഞ ചെലവിൽ ഖനനം നടത്താൻ കഴിയുന്നതാണ് പുതിയ എണ്ണപ്പാടം എന്ന് കുവൈത്ത് ഒായിൽ കോർപറേഷൻ സൂചിപ്പിച്ചു. പുതിയ എണ്ണ സ്രോതസ്സ് കണ്ടെത്തുന്നതിൽ വിജയിച്ച കെ.ഒ.സി അധികൃതരെ എണ്ണമന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ് അഭിനന്ദിച്ചു. പെട്രോളിയം, പ്രകൃതിവാതക മേഖലയിൽ കുവൈത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ 3900 കോടി ഡോളർ നിക്ഷേപിച്ചു. വരും വർഷങ്ങളിലും എണ്ണ ഉൽപാദന, സംസ്കരണ മേഖലയിൽ കുവൈത്ത് കാര്യമായി പണം ചെലവഴിക്കും.
ഒപെക് ധാരണയുടെ അടിസ്ഥാനത്തിൽ താൽക്കാലികമായി ഉൽപാദനം കുറച്ചിട്ടുണ്ടെങ്കിലും എണ്ണമേഖലയിലെ ദീർഘകാല നിക്ഷേപത്തിൽ കുവൈത്ത് കുറവുവരുത്തിയിട്ടില്ല. വിലയിടിവ് താൽക്കാലികമാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം നടത്തുന്നത് ഭാവിയിൽ വില കൂടുമ്പോൾ രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥക്ക് ഏറെ കരുത്തുപകരുമെന്നുമാണ് കുവൈത്തിെൻറ വിലയിരുത്തൽ.
ഉൽപാദനം കുറക്കണമെന്ന ധാരണയെ അംഗീകരിക്കുന്നതോടൊപ്പം ബുർഗാനിലെയും വടക്കൻ മേഖലയിലേയും എണ്ണക്കിണറുകളുടെ അറ്റകുറ്റപ്പണിക്കുള്ള അവസരമായി ഈ സമയത്തെ കാണുകയാണ് കുവൈത്ത് ചെയ്തത്. കുവൈത്തിെൻറ പ്രതിദിന എണ്ണ ഉൽപാദനം 2040 ആകുന്നതോടെ 4.75 ദശലക്ഷം ബാരൽ ആകുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ 3.15 ദശലക്ഷം ബാരലാണ് ഉൽപാദനശേഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.