ഗസ്സക്ക് സഹായവുമായി മൂന്ന് വിമാനങ്ങൾ കൂടി
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസവസ്തുക്കളുമായി കുവൈത്തിൽനിന്ന് ഞായറാഴ്ച മൂന്നു വിമാനങ്ങൾ കൂടി ഈജിപ്തിലെത്തി. 90 ടൺ വിവിധ മാനുഷിക സഹായങ്ങൾ അടങ്ങുന്നതാണ് വിമാനങ്ങൾ. ഇതോടെ ഗസ്സയിലേക്ക് സഹായവുമായി കുവൈത്ത് അയച്ച വിമാനങ്ങളുടെ എണ്ണം 24 ആയി. മൊത്തം 600 ടൺ സഹായം കുവൈത്ത് ഇതുവരെ ഗസ്സയിലേക്ക് അയച്ചിട്ടുണ്ട്.
വിദേശകാര്യ മന്ത്രാലയം, കെ.ആർ.സി.എസ്, ഈജിപ്ഷ്യൻ റെഡ് ക്രസന്റ്, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) എന്നിവയുടെ ഏകോപനത്തിലാണ് ഇവയുടെ വിതരണം. കുവൈത്തിലെ എല്ലാ ചാരിറ്റബിൾ സൊസൈറ്റികളും ബോഡികളും ഗസ്സയിലേക്ക് ഉദാരമായി സംഭാവന നൽകുന്നുണ്ട്. കുവൈത്ത് അയച്ച ദുരിതാശ്വാസ സഹായത്തിന്റെ 90 ശതമാനവും ഗസ്സയിൽ എത്തിയതായി കെ.ആർ.സി.എസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ ഖാലിദ് അൽ സെയ്ദ് പറഞ്ഞു. ഗസ്സയെ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണവും സാന്നിധ്യവും വടക്ക്, തെക്ക് എന്നിങ്ങനെ വേർപെടുത്തുണ്ട്. ഇസ്രായേൽ ആക്രമണംമൂലം വടക്കോട്ട് സഹായം എത്തിക്കുന്നത് ബുദ്ധിമുട്ടായിത്തീർന്നിട്ടുണ്ട്. തെക്കൻ ഭാഗത്ത് ഫലസ്തീൻ റെഡ് ക്രസന്റ് കുവൈത്ത് സഹായങ്ങൾ വിതരണം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
അതിനിടെ, ടെന്റുകൾ, ആംബുലൻസുകൾ, ഷെൽട്ടർ മെറ്റീരിയലുകൾ, വസ്ത്രങ്ങൾ, റഫ്രിജറേറ്ററുകൾ തുടങ്ങി വിവിധ സാമഗ്രികൾ ഉൾപ്പെടുന്ന വലിയ ദുരിതാശ്വാസ വിമാനം ചൊവ്വാഴ്ച ഗസ്സയിലേക്ക് അയക്കുമെന്ന് അൽ സലാം ചാരിറ്റി ഡയറക്ടർ ജനറൽ ഡോ. നബീൽ അൽ ഔൻ പറഞ്ഞു. അൽ സലാമും ഐ.ഐ.സി.ഒയും ഇതുവരെ 210 ടൺ സഹായം നൽകിയിട്ടുണ്ട്.
ഗസ്സയിലെ ജനങ്ങളെ സഹായിക്കാൻ എയർ ബ്രിഡ്ജ് തുടരുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ വികസന, അന്താരാഷ്ട്ര സഹകരണ കാര്യങ്ങളുടെ നയതന്ത്ര അറ്റാഷെ സാദ് അൽ നവൈഫ് വ്യക്തമാക്കി.
സ്കൂളിൽ ബോംബിട്ട നടപടി അപലപിച്ചു
കുവൈത്ത് സിറ്റി: ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിലെ യു.എന്നിന് കീഴിലുള്ള അൽ ഫഖൂറ സ്കൂളിൽ ബോംബിട്ട ഇസ്രായേൽ നടപടിയെ കുവൈത്ത് അപലപിച്ചു. ഇസ്രായേൽ ബോംബാക്രമണത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ഫലസ്തീൻ സിവിലിയന്മാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയുമുണ്ടായി. ഗസ്സയിലെ പ്രതിരോധരഹിതരായ ഫലസ്തീൻ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ ആസൂത്രിത ആക്രമണത്തെ കുവൈത്ത് അസന്ദിഗ്ധമായി നിരാകരിച്ചതായി വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാനും ഫലസ്തീൻജനതക്കും ദുരിതാശ്വാസ ഏജൻസികൾക്കും സന്നദ്ധപ്രവർത്തകർക്കും സംരക്ഷണം നൽകാനുമുള്ള കുവൈത്തിന്റെ ആഹ്വാനവും ആവർത്തിച്ചു.അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും തുടർച്ചയായ ലംഘനത്തിന് ഇസ്രായേലിനെ ഉത്തരവാദിയാക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.