കുവൈത്തിൽ കാണാതായ തൃത്താല സ്വദേശി പൊലീസ് കസ്റ്റഡിയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കാണാതായ പാലക്കാട് തൃത്താല സ്വദേശി മമ്പുള്ളിഞ്ഞാലിൽ അബ്ദുൽ ഖാദിർ പൊലീസ് കസ്റ്റഡിയിൽ. സ്പോൺസർ നൽകിയ പരാതിയെ തുടർന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. നിയമ നടപടികൾക്കു ശേഷം അബ്ദുൽ ഖാദിറിനെ നാട്ടിലേക്ക് കയറ്റി അയക്കുമെന്നും സ്പോൺസറുമായി ബന്ധപ്പെട്ടവർ അറിയിച്ചു. അബ്ദുൽ ഖാദിറിന്റെ പാസ്പോർട്ടും മറ്റു രേഖകളും പൊലീസിന് സമർപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ടോടെയാണ് അബ്ദുൽ ഖാദിറിനെ കാണാതായത്. നാട്ടുകാരും സുഹൃത്തുക്കളും അന്വേഷിച്ചിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. അബ്ദുൽ ഖാദിറിന്റെ സിവിൽ ഐ.ഡി കോപ്പിയോ നമ്പറോ ഇല്ലാത്തതിനാൽ കൂടുതൽ അന്വേഷണത്തിനും കഴിഞ്ഞില്ല. തുടർന്ന് ഇദ്ദേഹം നാട്ടിലേക്ക് പണം അയച്ച എക്സ്ചേഞ്ചിൽനിന്നാണ് സിവിൽ ഐ.ഡി നമ്പർ കണ്ടെത്തിയത്.
ഞായറാഴ്ച സാമൂഹിക പ്രവർത്തകനും പ്രവാസി വെൽഫെയർ കുവൈത്ത് വൈസ് പ്രസിഡന്റുമായ ഖലീൽ റഹ്മാൻ സ്പോൺസറുമായി വീണ്ടും ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തു. തുടർന്ന് അബ്ദുൽ ഖാദിർ പൊലീസ് സ്റ്റേഷനിലാണെന്ന വിവരം ലഭിക്കുകയായിരുന്നു.
കുവൈത്ത് തൃത്താല കൂട്ടം, ഐ.സി.എഫ് പ്രതിനിധി സമീർ പാലക്കാട് എന്നിവരും വിഷയത്തിൽ ഇടപെടുന്നുണ്ട്. വെള്ളിയാഴ്ച തൃത്താല കൂട്ടം അംഗങ്ങൾ സ്പോൺസറെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അബ്ദുൽ കാദിർ നാട്ടിൽ പോയി എന്നാണ് അവർക്ക് മറുപടി കിട്ടിയത്. എന്നാൽ, നാട്ടിൽ എത്തിയിരുന്നില്ല.
പിന്നീട് അബ്ദുൽ ഖാദിർ ഗതാഗതനിയമ ലംഘനത്തിന് പൊലീസ് സ്റ്റേഷനിലാണെന്നാണ് സ്പോൺസർ പറഞ്ഞത്. ഞായറാഴ്ച വീണ്ടും സ്പോൺസറുമായി സംസാരിച്ചപ്പോഴാണ് പൊലീസ് കസ്റ്റഡിയിലാണെന്ന വിവരം ഉറപ്പാക്കിയത്. നടപടികൾ വേഗത്തിലാക്കാനും അബ്ദുൽ ഖാദിറിനെ നാട്ടിലയക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.