പരിവർത്തനപ്പെടുത്താം, മനസ്സും ശരീരവും
text_fieldsഅമിതാഹാരം, കൃത്യതയില്ലാത്ത ഭക്ഷണം, വ്യായാമക്കുറവ് എന്നിവ മൂലം ജീവിതശൈലി രോഗങ്ങളും കുടവയർ, പൊണ്ണത്തടി തുടങ്ങിയവയും കൊണ്ട് വലയുന്നവർ ഏറെയാണ്.
നോമ്പിലൂടെ ചിട്ടപ്പെടുത്തിയെടുക്കുന്ന ഭക്ഷണ ശീലങ്ങളിലൂടെ നമുക്ക് ശാരീരിക ആരോഗ്യം വീണ്ടെടുക്കാം. അതോടൊപ്പം സാമ്പത്തിക ദുർവ്യയം തടയാനും വികാര വിചാര നിയന്ത്രണങ്ങളും സാധ്യമാകും. ഒരാളുടെ സ്വഭാവ നിർണയത്തിൽ അയാളുടെ ആഹാരത്തിനും ഭക്ഷിക്കുന്ന രീതിക്കും അനിഷേധ്യമായ പങ്കുണ്ടെന്ന് മനഃശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു. കുറവും കൂടുതലും ഭക്ഷണം കഴിക്കുന്നത് അനറെക്സിയ നെർവോസ, ബോളീമിയ നെർവോസ എന്നറിയപ്പെടുന്ന മാനസിക രോഗങ്ങളാണ്.
12 മണിക്കൂറിലധികം ആഹാരം കഴിക്കാതിരിക്കുമ്പോൾ ഉദരത്തിൽനിന്ന് രക്തത്തിലേക്ക് ചേരുന്ന രാസാഗ്നികൾ വാതം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കുന്നു എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നോമ്പ് കാലങ്ങളിൽ കാണുന്ന ആശുപത്രികളിലെ രോഗികളുടെ ഗണ്യമായ കുറവിൽനിന്നും ഇത് നമുക്ക് മനസ്സിലാക്കാം. നോമ്പിന്റെ ശാരീരിക മാനസിക ഗുണങ്ങളിൽ ആകൃഷ്ടരായി റമദാൻ വ്രതമെടുക്കുന്ന ഒരുപാട് അമുസ്ലിം സുഹൃത്തുക്കൾ എനിക്കുണ്ട്.
ഒരു കാര്യം 30 ദിവസം തുടർച്ചയായി ചെയ്യുമ്പോൾ അത് ഉപബോധ മനസ്സിൽ സ്വാധീനമുണ്ടാക്കി ശീലങ്ങൾ രൂപപ്പെട്ടുവരാൻ കാരണമാകുമെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നുണ്ട്. അത്താഴത്തിനായി നേരത്തെ ഉണരുമ്പോൾ നമുക്ക് പ്രഭാതത്തിന്റെ പ്രസരിപ്പ് ലഭിക്കുകയും ആ ദിവസം മടിയും അലസതയും കുറഞ്ഞ് ദിവസത്തിന് ഒരുപാട് സമയം കൂടിയപോലെ അനുഭവപ്പെടും.
വിശന്നിരിക്കുമ്പോൾ മസ്തിഷ്കം കൂടുതൽ പ്രവർത്തനക്ഷമമാവുകയും നമ്മൾ പോലുമറിയാതെ മനസ്സിൽ ക്ഷമ, സഹിഷ്ണുത, സഹജീവി സ്നേഹം, അച്ചടക്കം, ഏകാഗ്രത, മിതത്വം എന്നിവ വന്നുചേരുകയും ചെയ്യുന്നു. റൂമിലും ജോലി സ്ഥലങ്ങളിലും മാത്രമായി ഒതുങ്ങുന്ന തിരക്കേറിയ പ്രവാസ ജീവിതത്തിൽ മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ശ്രദ്ധിക്കപ്പെടാതെ പോകുന്ന നമുക്ക് ഒടുക്കം നിത്യരോഗങ്ങൾ പിടിപെട്ട് ജീവിതത്തിന്റെ ഉല്പാദനക്ഷമതയും ആസ്വാദനവും ഗുണമേന്മയും നഷ്ടപ്പെടാതിരിക്കാൻവേണ്ടി മനസ്സും ശരീരവും പരിവർത്തനം ചെയ്യാൻ വീണുകിട്ടുന്ന അമൂല്യ നിധിയാണ് ഓരോ വ്രതാനുഷ്ഠാന കാലവും.
ആധ്യാത്മിക നിറവാർന്ന പകലിരവുകളിൽ പുണ്യങ്ങൾ കൊയ്തെടുക്കുമ്പോൾ നോമ്പിന്റെ പിറകിലെ ശാസ്ത്രീയത തിരിച്ചറിഞ്ഞ് ജീവിതത്തിൽ സാമൂഹികവും ശാരീരികവും മാനസികവും സാമ്പത്തികവുമായ സുസ്ഥിതി കൈവരിക്കാൻ ഈ നോമ്പ് കാലഘട്ടം ഏവർക്കും ഉപകരിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.