ടിക്കറ്റ് റീഫണ്ട്: കോടതിവിധി വന്നിട്ടും ഒഴിഞ്ഞുമാറി വിമാന കമ്പനികൾ
text_fieldsകുവൈത്ത് സിറ്റി: ലോക്ഡൗണിനെ തുടർന്നു റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരിച്ചുനൽകണമെന്ന് സുപ്രീംകോടതി വിധി വന്നിട്ടും ഇക്കാര്യത്തിൽ വിമാന കമ്പനികൾ നടപടിയെടുക്കുന്നില്ലെന്ന് പരാതി. തുക തിരിച്ചുകിട്ടാൻ അപേക്ഷിക്കുന്നവരോട് പല ഒഴികഴിവുകൾ പറയുകയാണ് കമ്പനികൾ. പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി വിധി. തുക തിരിച്ചുനൽകുമെന്നാണ് നേരത്തേ വിമാന കമ്പനികൾ അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് നിലപാട് മാറ്റി. ഒരു വർഷത്തിനുള്ളിൽ ഇതേ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാമെന്നാണ് പിന്നീട് അറിയിച്ചത്. സുപ്രീംകോടതി വിധിയനുസരിച്ച് ലോക്ഡൗൺ സമയത്ത് ബുക്ക് ചെയ്ത മുഴുവൻ ടിക്കറ്റുകൾക്കും റദ്ദുചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവൻ തുകയും മൂന്നാഴ്ചക്കകം വിമാനക്കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ടതാണ്. ലോക്ഡൗണിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്കും ഇത് ബാധകമാണ്.
വിമാനക്കമ്പനികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരിൽ നൽകേണ്ടതും ക്രെഡിറ്റ് ഷെല്ലിലെ പണമുപയോഗിച്ചു യാത്രക്കാർക്ക് 2021 മാർച്ച് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം നൽകേണ്ടതുമുണ്ട്.മാർച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കണമെന്നും യാത്രചെയ്യുന്ന സമയത്ത് ടിക്കറ്റ് ഫെയർ കൂടുതലാണെങ്കിൽ ബാക്കിയുള്ള തുക അടക്കുകയും കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് നൽകുകയും വേണമെന്ന് കോടതി ഉത്തരവിലുണ്ട്.
എന്നാൽ, ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്ക് മാർച്ച് 31നകം 0.75 ശതമാനം മാസപലിശയോടെ (വർഷം ഒമ്പതു ശതമാനം) തുക തിരികെ നൽകണമെന്നും വിധിയിൽ പറയുന്നു.ഇപ്പോൾ ടിക്കറ്റ് റീഫണ്ട് ചോദിക്കുന്നവർക്ക് തൃപ്തികരമായ മറുപടിയല്ല ലഭിക്കുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. മുഴുവൻ തുകയും നൽകാനാവില്ല, കാലതാമസമെടുക്കും തുടങ്ങിയ കാരണങ്ങൾ പറയുകയാണ് ചില വിമാന കമ്പനികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.