സമയത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം - ഡോ. നഹാസ് മാള
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യവും സമയവും സമ്പത്തും വിയർപ്പും ദൈവ മാർഗത്തിൽ ചെലവഴിക്കുമ്പോഴാണ് ദൈവത്തിനു പ്രിയപ്പെട്ടവരാകുന്നതെന്നും സമയത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ ഉത്സാഹം കാണിക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള. 'പ്രവാസം, യുവത്വം, കുടുംബം' എന്ന പ്രമേയത്തിൽ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച 'യൂത്ത് കോൺഫറൻസ്-2022'ൽ മഹ്ബൂലയിലെ ഇന്നോവ ഇന്റർനാഷനൽ സ്കൂളിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു വ്യക്തി പൂർണനാകുന്നത് വിവാഹത്തിലൂടെയാണ്. ഇതിലൂടെയാണ് ബന്ധങ്ങളുടെ അളവുകൾ പരീക്ഷിക്കപ്പെടുന്നതും ചുമതലബോധവും ലഭിക്കുന്നത്. എന്നാൽ, വിവാഹം എന്ന സങ്കൽപത്തിനെതിരെ നവ ലിബറലിസ വാദികൾ ഇപ്പോൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വായനയുള്ള സമൂഹമായും വിഷയങ്ങളുടെ ഉത്ഭവ സ്ഥാനത്തുനിന്ന് കാര്യങ്ങൾ മനസ്സിലാക്കാനും തയാറാകണമെന്നും കൂട്ടിച്ചേർത്തു.
കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം നിർവഹിച്ചു. കുവൈത്ത് നാഷനൽ അസംബ്ലി സെക്രട്ടറി എം.പി. ഉസാമ അൽ ഷഹീൻ വിഡിയോ കോൺഫറൻസിലൂടെ ആശംസ നേർന്നു. ഇത്തരം പരിപാടികൾ ഉപകാരപ്രദവും സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.ഈ ലോകത്തുനിന്ന് വിടപറയുന്നതിനുമുമ്പ് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും മാനസികമായ ഉണർവ് നേടുന്നതിലൂടെ യുവത്വം നിലനിർത്താമെന്നും തുടർന്നു സംസാരിച്ച കൗൺസലറും സൈക്കോളജിസ്റ്റുമായ ഡോ.സുലൈമാൻ മേൽപത്തൂർ ഉണർത്തി.
സമ്മേളനത്തിൽ പങ്കെടുത്തവരിൽനിന്ന് നറുക്കെടുപ്പിലൂടെ വിജയിച്ചവർക്ക് സ്പോൺസർമാരായ ബദർ അൽ സമ മെഡിക്കൽ സെന്റർ, പ്രിൻസസ് ട്രാവൽസ്, ബി.ഇ.സി എക്സ്ചേഞ്ച് പ്രതിനിധികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന പ്രഭാഷണം എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ നിർവഹിച്ചു. തുടർന്ന് നടന്ന ഇശൽ വിരുന്നിൽ പ്രശസ്ത ഗായകരായ അക്ബർ ഖാൻ, ഡോ. സിദ്റത്തുൽ മുൻതഹ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.