സ്വാതന്ത്ര്യസമരകാലത്തേക്കാൾ ശക്തിയിൽ പൊരുതേണ്ട കാലം -കെ.പി. സതീഷ് ചന്ദ്രൻ
text_fieldsകുവൈത്ത് സിറ്റി: സ്വാതന്ത്ര്യസമരകാലത്തതിനെക്കാൾ പതിന്മടങ്ങ് ശക്തിയിൽ പൊരുതേണ്ടകാലത്താണ് നാം ജീവിക്കുന്നതെന്ന് മുൻ എം.എൽ.എയും സി.പി.എം സംസ്ഥാനസമിതി അംഗവുമായ കെ.പി. സതീഷ് ചന്ദ്രൻ. കല കുവൈത്ത് സംഘടിപ്പിച്ച ഇ.എം.എസ്, എ.കെ.ജി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയതയും ജാതീയതയും ശക്തിപ്രാപിക്കുന്നകാലത്ത് അവക്കെതിരായ പോരാട്ടങ്ങൾ ഏറ്റെടുക്കാൻ ഇ.എം.എസ്, എ.കെ.ജി എന്നിവരുടെ സ്മരണകൾ ഊർജംപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘വളരുന്ന കേരളം, മറയ്ക്കുന്ന മാധ്യമങ്ങൾ’ എന്ന സെമിനാറില്‍ സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി.
മൂലധന താല്പര്യങ്ങളാണ് ഇടതുപക്ഷത്തിനും സർക്കാറിനുമെതിരായി പ്രവർത്തിക്കുന്നതിന് മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ കല കുവൈത്ത് പ്രസിഡന്റ് കെ.കെ. ശൈമേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. രജീഷ് സ്വാഗതം പറഞ്ഞു.
മീഡിയ സെക്രട്ടറി അൻസാരി കടയ്ക്കൽ അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. ലോക കേരളസഭാംഗം ആർ. നാഗനാഥൻ കല മുഖ മാസികയായ കൈത്തിരിയുടെ പ്രകാശനം കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയും സാഹിത്യവിഭാഗം സെക്രട്ടറി കവിത അനൂപും ചേർന്ന് നിർവഹിച്ചു.
കലാപ്രവർത്തകരുടെ സംഗീത പരിപാടികളോടെയാണ് സമ്മേളനം ആരംഭിച്ചത്. കല വൈസ് പ്രസിഡന്റ് ബിജോയ്, ജോ. സെക്രട്ടറി പ്രജോഷ്, അബ്ബാസിയ മേഖലാ സെക്രട്ടറി നവീൻ എന്നിവർ സംബന്ധിച്ചു. ട്രഷറർ അജ്നാസ് മുഹമ്മദ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.