പുനരുദ്ധാരണത്തിനും വികസനത്തിനും പദ്ധതി; അടിമുടി മാറും ടിൻ മാർക്കറ്റ്
text_fieldsകുവൈത്ത് സിറ്റി: മിർഖാബിലെ സൂഖ് അൽ സഫാഫീറിന്റെ ടിൻ മാർക്കറ്റ് സമൂലമായ മാറ്റത്തിനൊരുങ്ങുന്നു. പുനരുദ്ധാരണത്തിനും വികസനത്തിനും പരിപാലനത്തിനുമായുള്ള നടപടികൾക്ക് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി (പി.എ.ഐ) തുടക്കമിട്ടു. നെസർ അൽ അഞ്ജരി കൺസൾട്ടിങ് ബ്യൂറോയുമായി പി.എ.ഐ ഏകദേശം ഒരു ദശലക്ഷം ഡോളറിന്റെ (331,244 ദീനാർ) കരാറിൽ ഒപ്പുവെച്ചു. ടിൻ മാർക്കറ്റിന്റെ ചരിത്രവും വാസ്തുവിദ്യാ സ്വഭാവവും കണക്കിലെടുത്ത് ചരിത്ര പൈതൃക സ്ഥലമായി സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്ന് പി.എ.ഐ വ്യക്തമാക്കി.
വാണിജ്യ-വ്യവസായ മന്ത്രിയും ബോർഡ് ചെയർമാനുമായ ഖലീഫ അൽ അജീലിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. നിശ്ചിതക്കാലത്തെ പഠനം, പുനർരൂപകൽപ്പന, പുനരുദ്ധാരണം, ഡോക്യുമെന്റുകൾ തയാറാക്കൽ, പ്രോജക്ട് നടത്തിപ്പിലെ മേൽനോട്ടം വഹിക്കൽ എന്നിവ കരാറിൽ ഉൾപ്പെടുന്നു.
1961ൽ സ്ഥാപിതമായ കുവൈത്തിലെ ഏറ്റവും പഴയ പരമ്പരാഗത മാർക്കറ്റുകളിലൊന്നാണ് ടിൻ മാർക്കറ്റ്. 9,182 ചതുരശ്ര മീറ്ററിൽ വ്യാപിച്ചിരിക്കുന്ന മാർക്കറ്റിൽ എട്ട് കെട്ടിടങ്ങൾ ഉൾപ്പെടുന്നു. ഓരോന്നിലും ഏകദേശം 20 കടകളും മൊത്തം 156 കടകളുമുണ്ട്. ഓരോന്നും 15 മുതൽ 18 ചതുരശ്ര മീറ്റർ വരെ വലിപ്പമുള്ളതാണ്. ഭാരം കുറഞ്ഞ ലോഹ നിർമാണത്തിലും ലോഹ രൂപീകരണത്തിലും പ്രത്യേകതയുണ്ട്. ഇവയെല്ലാം കനം കുറഞ്ഞ തകര വസ്തുക്കളുടെ നിർമാണത്തിലും വിൽപ്പനയിലും ശ്രദ്ധ നൽകുന്നവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.