കുറഞ്ഞ താപനിലയിലേക്ക്; തണുത്തു വിറക്കും...
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ശൈത്യ കാലം അതിതീവ്രതയിലേക്ക്. വരും ദിവസങ്ങളിലും കനത്ത തണുപ്പ് തുടരുമെന്ന് കാലാവസ്ഥ വിഭാഗം വ്യക്തമാക്കി. ഈ ആഴ്ചയോടെ കനത്ത തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ തണുപ്പ് വർധിച്ചു. ശനിയാഴ്ച പലയിടത്തും താപനില രണ്ട് ഡിഗ്രി സെൽഷ്യസിനും ആറു ഡിഗ്രി സെൽഷ്യസിനും ഇടയിലെത്തി. ഗ്രാമങ്ങളിലും കാർഷിക മേഖലകളിലും മൂടൽ മഞ്ഞും രൂപപ്പെട്ടു. ഞായറാഴ്ചയും കാലാവസ്ഥ ഇതേ നിലയിൽ തുടരും.
തിങ്കളാഴ്ച വൈകിട്ട് മുതൽ കാലാവസ്ഥയിൽ മാറ്റം വരാം. ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടി നേരിയ മഴക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകൻ ഫഹദ് അൽ ഉതൈബി അറിയിച്ചു. തുറന്നതും താഴ്ന്നതുമായ പ്രദേശങ്ങളിൽ ദൃശ്യപരത കുറക്കാൻ ഇതിടയാക്കും.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുക. തണുപ്പിനൊപ്പം മഞ്ഞും ശക്തമായ കാറ്റിന്റെ സാന്നിധ്യവുമുണ്ടാകും. മൂടൽമഞ്ഞ് പരക്കുന്നതിനാൽ ദൃശ്യപരതയും കുറയും. വാഹന ഗതാഗതത്തെയും വിമാന സർവിസുകളെയും ഇത് ബാധിക്കാറുണ്ട്. കട്ടിയുള്ള പ്രതിരോധ വസ്ത്രങ്ങള്‍ ധരിച്ചിട്ട് പോലും തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത തരത്തിലാകും കാലാവസ്ഥ. കഴിഞ്ഞ വർഷം തണുപ്പ് മാർച്ച് അവസാനം വരെ നീണ്ടിരുന്നു. ശൈത്യകാലം കണക്കിലെടുത്ത് വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ആസ്തമ രോഗികൾ പോലുള്ളവർ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം. വായുസഞ്ചാരം കുറഞ്ഞ മുറികളിലും തമ്പുകളിലും തണുപ്പകറ്റാൻ കരി കത്തിക്കുന്നത് ഒഴിവാക്കണം. കരിയിൽ നിന്നുള്ള പുക ശ്വസിച്ച് മരണങ്ങൾ മുൻ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. മൂടല്‍മഞ്ഞും മഴയും മൂലം ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധപുലർത്തണം. അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ വിളിക്കാം.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- കർഷകരും ഗ്രാമീണ നിവാസികളും മഞ്ഞിൽ നിന്ന് വിളകളും വസ്തുക്കളും സംരക്ഷിക്കാൻ മുൻകരുതലുകളെടുക്കണം.
- മൂടൽമഞ്ഞുള്ള അവസ്ഥ റോഡുകളിലെ ദൃശ്യപരതയെ ബാധിച്ചേക്കാം, അതിനനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യുകയും ശ്രദ്ധയോടെ വാഹനമോടിക്കുകയും ചെയ്യുക.
- തണുപ്പുള്ള രാത്രികൾ പ്രതീക്ഷിക്കുന്നതിനാൽ പ്രതിരോധ വസ്ത്രങ്ങളും ഹീറ്റിങ് സംവിധാനങ്ങളും തയാറാണെന്ന് ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.