വിദേശയാത്ര മാറ്റിവെക്കാൻ പൗരന്മാർക്ക് നിർദേശം
text_fieldsകുവൈത്ത് സിറ്റി: വിദേശയാത്രകൾ മാറ്റിവെക്കാൻ പൗരന്മാർക്ക് നിർദേശം നൽകി കുവൈത്ത് വിദേശ കാര്യമന്ത്രാലയം. ആഗോള തലത്തിൽ കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വിദേശയാത്രകൾ ഒഴിവാക്കാൻ അധികൃതർ നിർദേശം നൽകിയത്. ലോകം മുഴുവൻ കോവിഡ് വ്യാപനത്തിന്റെ ആശങ്കയിലാണെന്നും വിദേശയാത്രക്കൊരുങ്ങുന്ന എല്ലാ പൗരന്മാരും യാത്ര മാറ്റിവെക്കണമെന്നും വിദേശകാര്യമന്ത്രാലയം അഭ്യർഥിച്ചു. പ്രത്യേക സാഹചര്യത്തിൽ പൗരന്മാരുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു നിർദേശം. ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധന അണുബാധയുടെ അപകടസാധ്യതയാണ് സൂചിപ്പിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ പല രാജ്യങ്ങളും ലോക്ഡൗൺ, വിമാനം റദ്ദാക്കൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് പോകാൻ സാധ്യത ഏറെയാണ്. വൈറസ് വ്യാപനത്തെ ചെറുക്കാനായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും ആരോഗ്യ മാർഗനിർദേശങ്ങളും കാരണം ഇത്തരം രാജ്യങ്ങളിൽ യാത്രക്കാർക്ക് പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് വിദേശ യാത്രകൾ മാറ്റിവെക്കാൻ ആവശ്യപ്പെടുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.