ഈ മലയാളികൾക്ക് അമീർ അത്രമേൽ അടുപ്പം പുലർത്തിയ ‘സ്വന്തക്കാരൻ’
text_fieldsകുവൈത്ത് സിറ്റി: മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വേർപാട് ഉൾക്കൊള്ളാനാകാത്ത നിലയിലാണ് ദീർഘകാലം അദ്ദേഹത്തെ പരിചരിച്ച മലയാളി നഴ്സ് ജോഷി പൗലോസ്. അമീരി ആശുപത്രിയിൽ നഴ്സായി 2000ത്തിലാണ് അങ്കമാലി സ്വദേശിയായ ജോഷി പൗലോസ് കുവൈത്തിലെത്തുന്നത്.
വൈകാതെ വി.ഐ.പി വാർഡിലെ ജോലിക്കിടെ കുവൈത്തിലെ മുൻ അമീറുമാരായിരുന്ന ശൈഖ് ജാബിർ അൽ അഹമ്മദ് അസ്സബാഹ്,
ശൈഖ് സബാഹ് അൽ അഹമ്മദ് അൽജാബിർ അസ്സബാഹ് എന്നിവരുടെ പരിചരണം ജോഷി പൗലോസ് നിർവഹിച്ചു. 2016ൽ കിരീടാവകാശി ആയിരിക്കെയാണ് ആദ്യമായി അന്തരിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ജോഷി പൗലോസ് ചികിത്സയിൽ പരിചരിക്കുന്നത്. അന്നു മുതൽ ശൈഖ് നവാഫുമായി പ്രത്യേക അടുപ്പം ജോഷി പൗലോസിന് കൈവന്നു.
ശൈഖ് നവാഫ് അമീർ ആയ ശേഷം 2021ൽ പരിചരണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു. ആറുപേരടങ്ങുന്ന സംഘത്തിൽ മുഴുവൻ മലയാളികളായിരുന്നു. റോബിൻസൺ, നവീൻ, ജോണി, ഷിബു, അനീഷ് എന്നിവരടങ്ങുന്ന നഴ്സിങ് സംഘത്തിൽ ജോഷി പൗലോസിനായിരുന്നു മേൽനോട്ടം.
മൂന്നു വർഷത്തിനിടെ അമീർ സഞ്ചരിച്ച ഇടങ്ങളിലെല്ലാം ജോഷി പൗലോസും സഞ്ചരിച്ചു. യു.എസ്, ജർമനി, യുക്രെയ്ൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിലെല്ലാം അമീറിനെ അനുഗമിച്ചു. അമീറിന്റെ വീട്ടിൽ സ്ഥിരമായെത്തി ആരോഗ്യനില വിലയിരുത്തി. ഇതിനിടെ ഇരുവർക്കുമിടയിൽ വലിയ അടുപ്പവും രൂപപ്പെട്ടു. പിതാവ് അസുഖബാധിതനായപ്പോൾ അമീർ ജോഷിയെ അടിയന്തരമായി നാട്ടിലയച്ചു.
പിതാവ് നഷ്ടപ്പെട്ട് മടങ്ങിയെത്തിയപ്പോൾ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. ‘ഞാൻ ഉണ്ട്, പിതാവിനെ പോലെ കാണാം’ എന്ന അമീറിന്റെ വാക്കുകൾ ആവർത്തിക്കുമ്പോൾ ജോഷിയുടെ കണ്ണു നിറഞ്ഞു. അവസാന കാലത്ത് പിതാവിന് നൽകാൻ കഴിയാത്ത പരിചരണം അമീറിന് നൽകാനായതിന്റെ ആശ്വാസത്തിലാണ് ജോഷി.
ഏറെ കൃത്യനിഷ്ഠയുള്ളയാളും ശാന്തനും ലളിതജീവിതവുമായിരുന്നു ശൈഖ് നവാഫിനെന്നും ജോഷി ഓർക്കുന്നു. എല്ലാവരോടും സൗമ്യമായും സ്നേഹത്തോടെയും പെരുമാറി. അതുകൊണ്ടുതന്നെ സ്വന്തം കുടുംബത്തിലെ മുതിർന്ന അംഗത്തിനോടെന്നപോലുള്ള അടുപ്പം എല്ലാവരും നിലനിർത്തി. വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്ന ദിവസംവരെ ഊർജസ്വലനായിരുന്നു അമീറെന്നും ജോഷി ഓർക്കുന്നു.
മരണവാർത്ത അറിഞ്ഞ ദിവസം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അത്രയേറെ ജീവിതത്തോട് ചേർന്നു നിന്ന വ്യക്തിയെയാണ് നഷ്ടമായതെന്നും പറയുമ്പോൾ ജോഷിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. ജോഷിയുടെ ഭാര്യ ജൂലി ജോസഫ് അമീരി ആശുപത്രിയിൽ നഴ്സാണ്.
സ്ഥിര ഉത്സാഹവാൻ
അമീറിന്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിച്ചിരുന്ന അടൂർ സ്വദേശി ബസന്ത് രമേശനും മരണം ഉൾക്കൊള്ളാനായിട്ടില്ല. 2006 മുതൽ ഫർവാനിയ ആശുപത്രിയിൽ ഫിസിയോതെറപ്പിസ്റ്റാണ് ബസന്ത് രമേശൻ. 2020 മുതൽ അമീറിന്റെ ഫിസിക്കൽ എക്സൈസ് കാര്യങ്ങളുടെ ചുമതല ബസന്ത് നിർവഹിച്ചു. ആദ്യം ഒരു മണിക്കൂറും പിന്നീട് രാവിലെയും വൈകുന്നേരവും എന്ന നിലയിലേക്കും മാറി.
ഒരിക്കലും യാതൊരു മുഷിപ്പും പ്രകടിപ്പിക്കാതെ ഉത്സാഹവാനായി അമീറിനെ കാണപ്പെട്ടതായി ബസന്ത് രമേശൻ പറയുന്നു. ചിട്ടയായി വ്യായാമം ചെയ്യും. ദിനചര്യകളിൽ ഒരിക്കലും മുടക്കം വരുത്തില്ല. അമീറിനൊപ്പം വിവിധ രാജ്യങ്ങൾ സന്ദർശിക്കാനും ബസന്തിന് അവസരം ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.