ഇന്ന് പരിസ്ഥിതി ദിനം: പ്രകൃതി സംരക്ഷണത്തിന് കുവൈത്ത് ചെലവഴിക്കുന്നത് കോടികൾ
text_fieldsകുവൈത്ത് സിറ്റി: പ്രകൃതി സംരക്ഷണത്തിനും സൗന്ദര്യവത്കരണത്തിനും കുവൈത്ത് ചെലവഴിക്കുന്നത് കോടികൾ. നാച്ചുറൽ റിസർവുകളായും റോഡരികിലെയും പാർക്കുകളിലെയും മരങ്ങളായും പുല്ലുമുളക്കാത്ത മരുഭൂമിയിൽ പച്ചപ്പും വർണപ്പൊലിമയും നിലനിർത്താൻ വലിയ പരിശ്രമമാണ് രാജ്യം നടത്തുന്നത്.
കടുത്ത ചൂടുകാലാവസ്ഥയിൽ ചെടികൾക്കും മരങ്ങൾക്കും സൂക്ഷ്മ പരിചരണം ആവശ്യമാണ്. റോഡരികിൽ നട്ടുവർത്തിയിരിക്കുന്ന ചെടികൾ കുവൈത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായതും കുറഞ്ഞ ജലസേചനവും പരിചരണവും മാത്രം ആവശ്യമുള്ളതുമാണ്. എന്നാലും അധികൃതർ ഇവ ശ്രദ്ധയോടെ പരിപാലിക്കുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് കുവൈത്ത് സർക്കാർ നൽകുന്നത്. നാച്ചുറൽ റിസർവുകൾ ഇതിൽ പ്രധാനപ്പെട്ടതാണ്. ജഹ്റ നാച്ചുറൽ റിസർവിൽ സിദ്ർ മരങ്ങൾ നട്ടുവളർത്തുന്ന പദ്ധതി പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. വേനലിൽ കനത്ത ചൂട് അനുഭവപ്പെടുന്ന കുവൈത്തിെൻറ കാലാവസ്ഥക്ക് അനുയോജ്യമാണ് സിദ്ർ മരം.
കുറഞ്ഞ ജലസേചനംകൊണ്ട് പച്ചപ്പ് നിലനിർത്താൻ ഇവക്ക് കഴിയും. കുവൈത്തിെൻറ കാലാവസ്ഥക്കും മണ്ണിനും അനുയോജ്യമായ മറ്റു മരങ്ങളും നട്ടുവളർത്താൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കൃത്യമായി നനച്ചും നല്ല പരിചരണം നൽകിയുമാണ് രാജ്യത്തെ പാർക്കുകളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ അങ്കണങ്ങളിലും ചെടികൾ നിലനിർത്തുന്നത്. നൂറുകണക്കിന് പേരുടെ ഉപജീവനം കൂടിയാണിത്. കുവൈത്തിൽ ഏറ്റവും വിസ്തൃതിയിൽ ഇത്തരത്തിൽ പൂന്തോട്ടം കാണാനാവുക ബയാൻ പാലസിലാണ്. ഭരണ സിരാകേന്ദ്രമായ ബയാൻ പാലസിൽ അതിഥികളെ സ്വാഗതം ചെയ്യുന്നത് രണ്ടുവശത്തും പൂത്തുനിൽക്കുന്ന തോട്ടങ്ങളാണ്. മാളുകളിലും റിസോർട്ടുകളിലും മറ്റും ചെടികളും മരങ്ങളും പരിചരിക്കാൻ കരാർ നൽകുന്നത് വലിയ തുകക്കാണ്.
ദീവാനിയകളിലും സ്വകാര്യ ഭവനങ്ങളിലും ചെടികൾ നട്ടുവളർത്തുന്നുണ്ട്. ഇൗയിനത്തിൽ രാജ്യത്ത് മൊത്തം ചെലവഴിക്കുന്ന തുകയുടെ കണക്കുകൾ ലഭ്യമല്ല. എന്നാൽ, ഇത് ചെറിയ തുകയായിരിക്കില്ല എന്ന് പ്രാഥമിക അവലോകനത്തിൽതന്നെ വ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.