ഇന്ന് പാലിയേറ്റിവ് ദിനം: വാക്കിൽ ഒതുക്കാനാവില്ല ‘വാക്കി’ന്റെ നന്മ
text_fieldsകുവൈത്ത് സിറ്റി: ഇന്ന് പെയ്ൻ ആൻഡ് പാലിയേറ്റിവ് ദിനം. രോഗീപരിചരണം ബന്ധുക്കളുടെയും കുടുംബത്തിെൻറയും മാത്രമല്ല, സമൂഹത്തിന്റെ കൂടി ബാധ്യതയാണ് എന്ന പാലിയേറ്റിവിന്റെ മുദ്രാവാക്യം ഏറ്റെടുത്ത് കുവൈത്തിലും ഒരു കൂട്ടരുണ്ട്. ചികിത്സക്ക് പരിമിതിയുണ്ട്, എന്നാൽ സാന്ത്വനപരിചരണത്തിന് പരിമിതികളില്ല, സേവനങ്ങൾക്കും സഹായങ്ങൾക്കും പരിമിതിയില്ല എന്ന വാക്കുകൾ പ്രാവർത്തികമാക്കുന്ന ഒരു ചെറു കൂട്ടായ്മ.
കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക സംഘടനയായ വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (വാക്ക്) വർഷങ്ങളായി പാലിയേറ്റിവ് പ്രസ്ഥാനത്തോടൊപ്പം സഞ്ചരിക്കുന്നു. വർഷങ്ങളായി വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിന് ‘വാക്കി’ന്റെ സഹായം ലഭ്യമായിവരുന്നു. പ്രതിമാസം നിശ്ചിത സംഖ്യ മുടക്കം വരാതെ എത്തിക്കുന്നു. നാട്ടിലെത്തുന്നവർ പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ സജീവമാകുന്നു. അങ്ങനെ കരുതലിന്റെ, ചേർത്തുനിർത്തലിന്റെ മറ്റൊരു പ്രവാസീ കാവ്യം രചിക്കുകയാണ് വാക്ക്.‘വാക്ക് കെയർ’ എന്ന പേരിൽ പ്രത്യേക ഫണ്ട് സ്വരൂപിച്ചു കൊണ്ടാണ് വാക്ക് ഈ രംഗത്തേക്ക് കടന്നുവന്നത്.
സാന്ത്വനപരിചരണ രംഗത്ത് നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന പാലിയേറ്റിവ് ആയിരങ്ങൾക്ക് ആശ്വാസമാകുന്നതും, ഇത്തരം സ്ഥാപനങ്ങൾ നിലനിർത്തൽ തങ്ങളുടെ ഉത്തരവാദിത്തവുമാണ് എന്ന തിരിച്ചറിവാണ് ‘വാക്ക് കെയർ’ തുടങ്ങാൻ പ്രേരണ. വളാഞ്ചേരിയിലെ പാലിയേറ്റിവ് പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ അംഗങ്ങൾ അതു വേഗത്തിൽ ഏറ്റെടുത്തു. വെറും സാമ്പത്തിക സഹായത്തിൽ ഒതുങ്ങുന്നില്ല ‘വാക്ക് കെയർ’. അവധിക്ക് നാട്ടിലെത്തുന്നവർ പാലിയേറ്റീവ് ക്ലിനിക്കുമായി സഹകരിക്കുകയും വളന്‍റിയർ പ്രവർത്തനങ്ങൾക്കും മറ്റും പങ്കെടുപ്പിക്കുകയും ചെയ്യുന്നു.വളാഞ്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും പാലിയേറ്റിവ് ക്ലിനിക്കുകൾക്ക് ആവശ്യമായി വരുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, നെബുലൈസറുകൾ തുടങ്ങിയവയും വാക്ക് നൽകിവരുന്നു. അടിയന്തര ഘട്ടങ്ങളിലും അല്ലാതെയും വ്യക്തിപരമായും സഹായങ്ങൾ എത്തിക്കുന്നു.
പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ പ്രവാസി സംഘടനകൾക്കും ചിലത് ചെയ്യാനാവുമെന്ന് സ്വന്തം പ്രവർത്തനങ്ങളിലൂടെ ഓരോ പ്രവാസിയേയും വാക്ക് ഓർമിപ്പിക്കുന്നു. വേദനയുടെ, നിസ്സഹായതയുടെ ഉറക്കമില്ലാ രാത്രികളിലൂടെ കടന്നു പോകുന്നവർക്ക് ചെറുതായെങ്കിൽ ആശ്വാസം നൽകാനാകുന്നതിന്റെ തൃപ്തി അനുഭവിക്കുന്നു. ഒരു വാക്കിൽ ഒതുക്കാനാവില്ല ‘വാക്കി’ന്റെ ഈ നന്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.