ഇന്ന് ലോക ദേശാടന പക്ഷിദിനം : ദേശാടനക്കിളികളും കരയാറുണ്ട്; നമ്മൾ കാരണം
text_fieldsലോകമെമ്പാടുമുള്ള ദേശാടന പക്ഷികളെ അനുസ്മരിക്കാനും അവ നേരിടുന്ന പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനും ഐക്യരാഷ്ട്ര സഭ 2006ൽ ആരംഭിച്ചതാണ് ലോക ദേശാടന പക്ഷിദിനം. ലോകമെമ്പാടും 118 രാജ്യങ്ങൾ ഇതിൽ വർഷന്തോറും പങ്കെടുക്കുന്നു. ഈ വർഷത്തെ വിഷയം പ്രകാശ മലിനീകരണമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ രാത്രികൾ കൂടുതൽ കൂടുതൽ പ്രകാശ പൂരിതമായി. ഇത് രാത്രികാലങ്ങളിൽ ദേശാടന യാത്ര ചെയ്യുന്ന പക്ഷികളെ പ്രതികൂലമായി ബാധിച്ചു. ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയുടെ സ്ഥാനം കണക്കാക്കി കൂടിയാണ് ദേശാടന പക്ഷികൾ രാത്രിയാത്ര നടത്തുന്നത്. എന്നാൽ അവയേക്കാൾ പ്രകാശം പരത്തുന്ന വൈദ്യുതിവിളക്കുകൾ ഈ പക്ഷികളുടെ യാത്രയെ വഴി തെറ്റിക്കുന്നു.
ദിശാബോധം നഷ്ടപ്പെടുന്ന പക്ഷികൾ കെട്ടിടങ്ങളിൽ രാത്രി ഇടിച്ചു വീണുള്ള അപകടങ്ങൾ സ്ഥിരമായിമാറി. എല്ലാ വർഷവും ദശലക്ഷക്കണക്കിന് പക്ഷികളാണ് ഈ വിധം കൊല്ലപ്പെടുന്നത്. ഇതിനെതിരെയുള്ള ബോധവത്കരണമാണ് ഇത്തവണത്തെ ലോക ദേശാടന പക്ഷിദിനത്തിലെ മുദ്രാവാക്യം. പ്രധാന ദേശാടന പാതകളിലെ കെട്ടിടങ്ങളിൽ മങ്ങിയ വെളിച്ചം ഉപയോഗിക്കുകയാണ് ഇതിനൊരു പോംവഴി. നമുക്കും രാത്രികാലങ്ങളിൽ വിളക്കുകൾ തെളിക്കുന്ന സമയം കുറച്ച് ഈ ഉദ്യമത്തിൽ പങ്കാളികളാകാം. കുവൈത്തിൽ ലോക ദേശാടന പക്ഷിദിന ഭാഗമായി കുവൈത്ത് ബേഡേഴ്സ് ക്ലബ് സാരഥികളായ ഇർവിൻ നെല്ലിക്കുന്നേൽ, കിച്ചു അരവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ പക്ഷി നിരീക്ഷണവും ക്ലാസും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.