ടൂറിസം: ഇന്ത്യൻ എംബസിയിൽ വട്ടമേശ സമ്മേളനം
text_fieldsമസ്കത്ത്: ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിൽ വട്ടമേശ സമ്മേളനം സംഘടിപ്പിച്ചു. 40ഓളം ഒമാനി, ഇന്ത്യൻ ടൂർ ഓപറേറ്റർമാർ പങ്കെടുത്തു. ഇന്ത്യയിലെ ടൂറിസം മേഖലയിൽ സാധ്യതകൾ വിശദീകരിക്കുന്ന 'ഇൻക്രെഡിബിൾ ഇന്ത്യ' വിഡിയോയുടെ പ്രദർശനവും നടന്നു. ഇന്ത്യ ഗവൺമെന്റിന്റെ ടൂറിസം മന്ത്രാലയം അഡീഷനൽ സെക്രട്ടറി (ടൂറിസം) രാകേഷ് കുമാർ വർമ വിഡിയോ സന്ദേശത്തിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
ഇന്ത്യയെ പ്രിയപ്പെട്ട യാത്രകേന്ദ്രമാക്കി മാറ്റുന്നതിനുള്ള സഹായം ട്രാവൽ ആൻഡ് ടൂർ ഓപറേറ്റർമാരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. മാർച്ച് 27മുതൽ അന്താരാഷ്ട്ര വിമാന സർവിസുകൾ ആരംഭിക്കുന്നതോടെ യാത്രമേഖല സാധാരണ നിലയിലേക്ക് എത്തുമെന്ന് സമ്മേളനത്തിൽ സംസാരിച്ച അംബാസഡർ അമിത് നാരങ് പറഞ്ഞു. 2021 നവംബർ മുതൽ ഇന്ത്യ ഗവൺമെന്റ് പ്രഖ്യാപിച്ച 500,000 സൗജന്യ ടൂറിസ്റ്റ് വിസ പദ്ധതിയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം രാജ്യത്തേക്ക് ആകർഷകമായ ടൂർ പാക്കേജുകൾ ഒരുക്കാൻ ടൂർ ഓപറേറ്റർമാരോട് അഭ്യർഥിക്കുകയും ചെയ്തു.
ഇന്ത്യയിൽനിന്ന് പ്രതിവർഷം 26 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഒമാനിലേക്ക് വരുന്നത്. പ്രമോഷനും നല്ല പാക്കേജുകളും ഉപയോഗിച്ച് ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിലൂടെ ഒമാന് വലിയ നേട്ടമുണ്ടാക്കാമെന്നും അംബാസഡർ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളിലെയും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി റോഡ് ഷോകൾ, യാത്രകൾ, സോഷ്യൽ മീഡിയ കാമ്പയിനുകൾ, പരസ്യം, സർവകലാശാലകളുമായി ബന്ധംസ്ഥാപിക്കൽ തുടങ്ങി നിരവധി കാര്യങ്ങൾ പരിപാടിയിൽ പങ്കെടുത്തവർ പങ്കുവെച്ചു.
ടൂറിസം പ്രോത്സാഹനത്തിനായി കഴിഞ്ഞമാസം എട്ടിന് ഇന്ത്യൻ എംബസിയിൽ ഇന്ത്യ-ഒമാൻ വെബിനാർ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയുടെ ഭാഗമായാണ് വട്ടമേശ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.