ഹൈടെക് നടപ്പാലങ്ങളിൽ മാലിന്യം തള്ളി സഞ്ചാരികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രധാന റോഡുകൾക്ക് കുറുകെ സ്ഥാപിച്ച ഹൈടെക് നടപ്പാലങ്ങൾ സഞ്ചാരികളുടെ സൂക്ഷ്മതക്കുറവ് കാരണം വൃത്തികേടായി കിടക്കുന്നു. എയർ കണ്ടീഷൻ ചെയ്ത ചില പാലങ്ങളിൽ ചപ്പുചവറുകളും മറ്റും പരന്നുകിടക്കുന്നു. ടൈൽ വിരിച്ച നിലത്ത് തുപ്പി വൃത്തികേടാക്കുന്നവരും കുറവല്ല. വിദേശികളാണ് മോശം പെരുമാറ്റം കാണിക്കുന്നത്.
ഹൈടെക് അല്ലാത്ത ഓവർ ബ്രിഡ്ജുകൾ അതിനേക്കാൾ മോശം അവസ്ഥയിലാണ്. ഗതാഗതം സുഗമമാക്കുന്നതിനും റോഡ് മുറിച്ചുകടക്കുമ്പോഴുള്ള അപകടങ്ങൾ കുറക്കാനുമായി ആധുനിക കോൺക്രീറ്റ് കാൽനട പാലങ്ങൾ നിർമിക്കുന്നതിന് സർക്കാർ ധാരാളം പണം ചെലവഴിക്കുന്നു. പഴയ പാലങ്ങൾ നവീകരിച്ച് പുതിയവ നിർമിച്ചെങ്കിലും ചിലത് ജീർണാവസ്ഥയിലാണ്. പഴയ പാലങ്ങൾ ശരിയായ രീതിയിൽ പരിപാലിക്കപ്പെടുന്നില്ല.
പാലങ്ങൾ വൃത്തികേടായതിനാലും എളുപ്പം നോക്കിയും ചിലർ റോഡ് നേരിട്ട് മുറിച്ചുകടക്കുന്നു. ഇത് അപകടകരമാണ്. നിരവധി പേർ ഇതിനിടയിൽ വാഹനമിടിച്ച് മരിച്ചിട്ടുണ്ട്. ശുചീകരണത്തൊഴിലാളികൾ പാലത്തിനകത്ത് വൃത്തിയാക്കുന്നതിൽ ശ്രദ്ധിക്കുന്നില്ലെന്ന് പരാതിയുണ്ട്. വൃത്തിക്കുറവോ പാലം കയറാനുള്ള അലസതയോ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള തിടുക്കമോ ഉൾപ്പെടെയുള്ള പല കാരണങ്ങളാൽ കാൽനടക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ അപകടത്തിൽപെട്ട സംഭവങ്ങൾ നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.