ട്രാഫിക്, ഇഖാമ പിഴ ഇനി സഹൽ ആപ് വഴി അടക്കാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പൗരന്മാർക്കും വിദേശികൾക്കും ട്രാഫിക്ക്, ഇഖാമ പിഴ ഇനി സഹൽ ആപ് വഴി അടക്കാം. സഹൽ ആപ്പിൽ ഏഴു പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് ആണ് സർക്കാർ സേവനങ്ങൾക്കായുള്ള സഹൽ ഏകജാലക ആപ്ലിക്കേഷനിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്.
വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് സേവനം ലഭ്യമാക്കിയത്. ഗതാഗത വകുപ്പിലേക്ക് അടക്കേണ്ട ട്രാഫിക് പിഴയും താമസകാര്യ വകുപ്പിലേക്കുള്ള വിസ, ഇഖാമ പിഴകളും സഹൽ ആപ്ലിക്കേഷനിലൂടെ സ്വീകരിക്കും. സ്വദേശികൾക്കും വിദേശികൾക്കും സ്വന്തംപേരിലുള്ള പിഴയും മറ്റുള്ളവരുടെ പേരിലുള്ള പിഴയും ഈ രീതിയിൽ അടക്കാവുന്നതാണ്. ജോലിക്കാരെ നാടുകടത്തുന്നതിനുള്ള ടിക്കറ്റ് ചാർജും താൽക്കാലിക താമസാനുമതി പുതുക്കുന്നതിനും ട്രാൻസ്ഫർ ചെയ്യുന്നതിനും ആപ്ലിക്കേഷനിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിസ നടപടികളുടെ ഭാഗമായുള്ള വിദേശികളുടെ വൈദ്യ പരിശോധനയുടെ ഫലം അറിയാനും സഹൽ ആപ്ലിക്കേഷനിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
കുവൈത്ത് പൗരന്മാർക്കും രാജ്യത്തെ സ്ഥിര താമസക്കാരായ വിദേശികൾക്കും ആണ് സഹൽ ആപ്ലിക്കേഷന്റെ പ്രയോജനം ലഭിക്കുക. ഇ-ഗവേണൻസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ സഹൽ ആപ്ലിക്കേഷനിൽ ഇതിനകം വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും നിരവധി സേവനങ്ങൾ ചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.