ഗതാഗത നിയമലംഘനങ്ങള്‍: പിഴ അടക്കാതെ രാജ്യം വിടാനാകില്ല; നിയമം പ്രാബല്യത്തിൽ
text_fieldsകുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങള്‍ വരുത്തിയാൽ ഇനി പിഴ അടക്കാതെ രാജ്യം വിടാനാകില്ല. പ്രവാസികള്‍ യാത്രതിരിക്കുന്നതിന് മുമ്പ് ട്രാഫിക് പിഴകള്‍ അടക്കണമെന്നും അല്ലാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമം ശനിയാഴ്ച മുതൽ നിലവിൽ വന്നു. പ്രവാസികൾ നൽകാനുള്ള പിഴ രാജ്യം വിടും മുമ്പ് ഈടാക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
ഗതാഗത നിയമലംഘനങ്ങളുടെ പിഴ ഒടുക്കാതെ പ്രവാസികൾക്ക് കര-വ്യോമ അതിര്‍ത്തികള്‍ വഴി ഇനി യാത്ര ചെയ്യാനാകില്ല. ഇതോടെ നിരീക്ഷണ കാമറകളിലും മറ്റു സംവിധാനങ്ങളും വഴി പകര്‍ത്തുന്ന ഗതാഗത നിയമലംഘനങ്ങളുടെ ചെറിയ പിഴകൾ പോലും യാത്ര തടസ്സത്തിന് ഇടയാക്കും. ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോര്‍ട്ടല്‍ വഴിയോ ഗതാഗത വകുപ്പിന്റെ ഓഫിസുകള്‍ വഴിയോ അടക്കാം.
വിമാനത്താവളങ്ങളിലും അതിർത്തി ചെക്പോസ്റ്റുകളിലും സജ്ജീകരിച്ചിരിക്കുന്ന പേമെന്റ് ഓഫിസുകൾ വഴിയും പിഴ അടക്കാം. റോഡ് സുരക്ഷ, അപകടങ്ങൾ കുറക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നടപടി. നിയമം കർശനമാക്കുന്നതോടെ നിയമലംഘനങ്ങൾ കുറയുമെന്നാണ് പ്രതീക്ഷ. റോഡ് നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പുതിയ നിർദേശം നടപ്പിലാക്കുന്നതോടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് കുറവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ അറിയിച്ചു.
ഗതാഗത നിയമലംഘനങ്ങൾ വരുത്തിയ വാഹനങ്ങളുമായി പിഴ ഒടുക്കാതെ രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നതിന് പ്രവാസികൾക്ക് നിലവിൽ നിയന്ത്രണമുണ്ട്. നിയമലംഘനങ്ങളുടെ പിഴ അടച്ചാല്‍ മാത്രമേ ഇത്തരം വാഹനങ്ങള്‍ക്ക് രാജ്യാതിർത്തിയിൽനിന്ന് പുറത്തേക്ക് പോകാന്‍ അനുമതി ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.