ട്രാഫിക് സേവനം സ്മാർട്ട് ആപ്ലിക്കേഷൻ വഴി; വാഹനാപകടമുണ്ടായാൽ അതിവേഗ നടപടി
text_fieldsജിദ്ദ: ചെറിയ വാഹനാപകടങ്ങളിൽ സ്മാർട്ട് ആപ്ലിക്കേഷൻ വഴി വിദൂര സേവനം നൽകുന്ന സംവിധാനത്തിന്‍റെ ആദ്യഘട്ടം സൗദി ട്രാഫിക് വകുപ്പ് ആരംഭിച്ചു. 'നജ്മ്'ഇൻഷുറൻസ് സർവിസ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ സംവിധാനം തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങിയത്. ഈ സംവിധാനം വഴിയുള്ള പ്രയോജനം ലഭിക്കാൻ അപകടത്തിൽപ്പെടുന്ന വാഹനങ്ങളിൽ ഒന്നിനെങ്കിലും ഇൻഷുറൻസ് നിർബന്ധമാണ്. അപകടത്തിൽ മരണമോ പരിക്കോ ഇല്ലാതിരിക്കുകയും അപകടസ്ഥലം നജ്മിന്‍റെ പ്രത്യേക പരിധിക്കുള്ളിലുമായാൽ മാത്രമേ സേവനം ലഭിക്കൂ എന്നും ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
അപകടഫലമായുള്ള ട്രാഫിക്ക് കുരുക്കൊഴിവാക്കാൻ സഹായിക്കുന്ന സേവനം പ്രത്യേക നജ്മ് ആപ്ലിക്കേഷൻ വഴിയാണ് നൽകുന്നത്. ഈ സംരംഭത്തിലൂടെ ഏതു സ്ഥലത്തുനിന്നും ഏതു സമയത്തും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ആശയവിനിമയം നടത്താനും സ്വയം സേവന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമുള്ള പ്രാഥമിക ചാനലായി നജ്മ് ആപ്ലിക്കേഷൻ മാറും. അപകടാനന്തര സേവനം സുഗമമാക്കുന്നതിനും ട്രാഫിക് അപകടമുണ്ടായാൽ റോഡിലെ തിരക്ക് കുറക്കുന്നതിനും ഇത് സഹായകമാകും. ഉയർന്ന സൈബർ സുരക്ഷ ഉറപ്പാക്കി, നൂതന സാങ്കേതികവിദ്യയുടെയും നിർമിതബുദ്ധിയുടെയും സഹായത്തോടെ വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് വേഗത്തിൽ സേവനം ലഭ്യമാക്കുകയാണ് പുതിയ സംവിധാനം.
ഇത്തരം സംരംഭം രാജ്യത്തെ ഇൻഷുറൻസ് സംവിധാനത്തെ വിപുലീകരിക്കുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് വക്താവ് പറഞ്ഞു. ട്രാഫിക് വകുപ്പിന്‍റെ ഏകീകരണത്തിന് സഹായകവുമാകും. ഡിജിറ്റൽ പരിവർത്തനത്തെയും ഗുണഭോക്താക്കളുടെ സംതൃപ്തിയെയും അടിസ്ഥാനമാക്കി സൗകര്യം കെട്ടിപ്പടുക്കുന്നതിനും വിഷൻ 2030ന് അനുസൃതമായി ആളുകളുടെ സുരക്ഷ ഭദ്രമാക്കുന്നതിനും ഊർജസ്വലമായ സമൂഹത്തിലേക്കുള്ള പ്രവേശനം സാധ്യമാക്കാനും സുരക്ഷിത റോഡ് സംവിധാനം സംജാതമാക്കാനും പുതിയ സംവിധാനം മൂലക്കല്ലായിരിക്കുമെന്നും ട്രാഫിക് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.