ഗതാഗത ലംഘനങ്ങളിൽ കനത്ത പിഴയും തടവും വരുന്നു
text_fieldsകുവൈത്ത് സിറ്റി: റോഡപകടങ്ങൾ കുറയ്ക്കാനും യാത്ര സുരക്ഷിതവും സുഗമവുമാക്കാനും ട്രാഫിക് പിഴകളിൽ ഭേദഗതി വരുത്താനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ കൂട്ടിയതുള്‍പ്പെടെയുള്ള നിർദേശത്തിന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അന്തിമരൂപം നൽകി.
പുതിയ നിർദേശമനുസരിച്ച് അമിതവേഗത്തിന് പരമാവധി 500 ദീനാറും മൂന്ന് മാസം തടവ് ശിക്ഷയും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ 300 ദീനാർ പിഴയും മൂന്ന് മാസം തടവും ലഭിക്കും.
ജീർണിച്ച വാഹനം നിരത്തുകളിലിറക്കുന്നവർക്ക് മൂന്ന് മാസം തടവും 300 ദീനാർ പിഴയും ചായം പൂശിയ വിൻഡോകളുള്ള വാഹനങ്ങൾക്ക് രണ്ട് മാസത്തെ തടവും 200 ദീനാർ വരെ പിഴയും ലഭിക്കും. വാഹനമോടിക്കുമ്പോൾ കുട്ടികളെയോ മൃഗങ്ങളെയോ വിൻഡോകൾ, മുകൾതട്ട് എന്നിവയിൽനിന്ന് പുറത്തേക്ക് തള്ളിനിർത്തുന്നവർക്ക് 75 ദീനാർ പിഴ ചുമത്തും. 10 വയസ്സിന് താഴെയുള്ള കുട്ടികളെ ഡ്രൈവിങ്ങിനിടെ മുൻ സീറ്റുകളിൽ കയറ്റിയാൽ 100 മുതൽ 200 ദിനാർ വരെ പിഴ ഈടാക്കും. സ്വകാര്യ കാറിൽ ഫീസ് ഈടാക്കി യാത്രക്കാരെ കൊണ്ടുപോകുന്ന വ്യക്തികൾക്ക് 200 മുതൽ 500 ദിനാർ വരെ പിഴ ചുമത്തും.
മദ്യപിച്ച് വാഹനമോടിക്കുക, പെർമിറ്റില്ലാതെ വാഹനമോടിക്കുക, വേഗപരിധി കവിയുക, ലൈസൻസില്ലാതെ വാഹനമോടിക്കുക, നമ്പർ പ്ലേറ്റുകളില്ലാത്ത വാഹനം, സിഗ്നലുകൾ അവഗണിക്കുക, വാഹനങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യാനും കരട് നിർദേശം അധികാരം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.