ബയോമെട്രിക് നടപടി പൂർത്തിയാക്കാത്തവരുടെ ഇടപാടുകൾ റദ്ദാക്കും
text_fieldsകുവൈത്ത് സിറ്റി: ബയോമെട്രിക് നടപടികൾ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്തവർക്ക് കർശന നടപടികൾ നേരിടേണ്ടിവരും. ഇത്തരക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലും ഇടപാടുകളിലും നിയന്ത്രണങ്ങൾ, മരവിപ്പിക്കൽ എന്നിവ അടക്കമുള്ള ശക്തമായ നടപടികളാണ് ഒരുങ്ങുന്നത്.
ഇത് സംബന്ധിച്ച മന്ത്രിതല തീരുമാനം നടപ്പാക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രവാസികൾക്ക് ഡിസംബർ 31, പൗരന്മാർക്ക് സെപ്റ്റംബർ 30 എന്നിവങ്ങനെയാണ് അനുവദിച്ച സമയം. ഇതിനകം മുഴുവൻ പേരും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
സമയപരിധി കഴിഞ്ഞും നടപടികൾ പൂർത്തിയാക്കാത്തവർക്ക് നാല് ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. നിർദിഷ്ട സമയപരിധിക്കുള്ളിൽ പ്രക്രിയ പൂർത്തിയാക്കാൻ എല്ലാ ഉപഭോക്താക്കൾക്കും ബാങ്കുകൾ സന്ദേശം അയക്കും.
ഇതിൽ വീഴ്ച വരുത്തുന്നവരുടെ എല്ലാ ഓൺലൈൻ ഇടപാടുകളും സെപ്റ്റംബർ 30 മുതൽ തടയും. അക്കൗണ്ട് ബാലൻസുകളിലേക്കുള്ള ആക്സസ്, അക്കൗണ്ട് സ്റ്റേറ്റ്മെൻറുകൾ ലഭ്യമാകൽ, ഫണ്ട് ട്രാൻസ്ഫർ തുടങ്ങി എല്ലാ ഓൺലൈൻ ഇടപാടുകളും തടയുന്നത് ഇതിൽ ഉൾപ്പെടുന്നു.
വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത ഉപഭോക്താക്കളുടെ എല്ലാ ബാങ്ക് കാർഡുകളും ഒക്ടോബർ 31നകം നിർജീവമാക്കും. ഡിസംബർ ഒന്നു മുതൽ ഇത്തരക്കാരുടെ എല്ലാ അക്കൗണ്ടുകളും പൂർണമായി മരവിപ്പിക്കും. ഓഹരികൾ,ഫണ്ടുകൾ, പോർട്ട്ഫോളിയോകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് സാമ്പത്തിക ആസ്തികളിലേക്കും ഇത് വ്യാപിക്കും.
എട്ട് ലക്ഷം പ്രവാസികളും 1,75,000 കുവൈത്തികളും ഇനിയും ബയോമെട്രിക്സ് പൂർത്തിയാക്കാൻ ബാക്കിയുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലെ പേഴ്സനാലിറ്റി ഇൻവെസ്റ്റിഗേഷൻ ആൻഡ് ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ നായിഫ് അൽ മുതൈരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.