ഓർമകളിൽ റോസാപ്പൂന്തോട്ടം വിരിയുന്ന കാലം...
text_fieldsഈ ക്രിസ്മസ് കാലത്ത് കുവൈത്തിലൂടെ സഞ്ചരിക്കുമ്പോൾ വെറുതെ ഓരോ കെട്ടിടങ്ങളിലേക്കും ഏന്തി വലിഞ്ഞു നോക്കും. എവിടെയൊക്കെ ഏതൊക്കെ രീതിയിലുള്ള നക്ഷത്രങ്ങളും അലങ്കാരങ്ങളും തൂക്കിയിട്ടുണ്ടെന്നറിയാനാണ് നോക്കുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്തും ബസിൽ പോകുമ്പോഴും ഇങ്ങനെ നോക്കുമായിരുന്നു. ആകാശത്തായാലും ഭൂമിയിൽ വർണക്കടലാസുകളിൽ ആയാലും തിളക്കത്തോടെ ചിരിതൂകി നിൽക്കുന്ന നക്ഷത്രങ്ങൾ കാണുന്നതെന്നും സന്തോഷം തന്നെ.
ഓരോ ക്രിസ്മസ് കാലവും കാർമീന സിസ്റ്ററിനെ ഓർക്കാതെ കടന്നുപോകാറില്ല. ഞാൻ പഠിച്ച പെരുമ്പാവൂർ വിമല സ്കൂൾ കോൺവെന്റ് സ്കൂളിലെ നിറയെ റോസാപ്പൂക്കൾ ഉണ്ടായിരുന്ന തോട്ടത്തിന്റെ ഉടമയായിരുന്നു സിസ്റ്റർ.
അതിലും കൂടുതൽ പൂക്കളുള്ള തോട്ടങ്ങൾ പിന്നീട് കണ്ടിട്ടുണ്ടെങ്കിലും അത്ര മിഴിവോടെ ഒരു പൂന്തോട്ടവും മനസ്സിൽ ഇടം പിടിച്ചിട്ടില്ല. പിന്നീടൊരിക്കലും റോസാപ്പൂക്കളെ അത്ര അത്ഭുതത്തോടെ നോക്കി നിന്നിട്ടുമില്ല. ചിലപ്പോൾ ബാല്യത്തിന്റെ കൗതുകമായിരുന്നിരിക്കാം, ഇപ്പോഴും ആ തോട്ടം മനസ്സിൽ അങ്ങനെയുണ്ട്. അതിൽ പല നിറങ്ങളിൽ വിരിയുന്ന പൂക്കളുണ്ട്. ശലഭങ്ങളും വണ്ടുകളും പാറികളിക്കുന്നുണ്ട്. ഒഴിഞ്ഞ പിരിയഡുകളിൽ തോട്ടത്തിൽ സിസ്റ്റർക്ക് സഹായികളായി ഞങ്ങൾ കുട്ടികളും കൂടും. ചെടിച്ചട്ടിയിലെ പുല്ലു പറിക്കൽ, വീണുപോയ തൈകളെ നിവർന്നുനിൽക്കാൻ കമ്പോ, വടിയോ ചേർത്തുകെട്ടൽ ഇതൊക്കെയാവും ഞങ്ങളുടെ ജോലികൾ. അതെല്ലാം കഴിയുമ്പോൾ സന്തോഷപൂർവം സിസ്റ്റർ ഞങ്ങൾക്ക് പ്ലം കേക്ക് സമ്മാനിക്കും. അന്നു മുതലാണ് പ്ലം കേക്കിന്റെ മധുരവുമായി നാവു കൂട്ടായത്.
കോളജ് ജീവിതത്തിൽ ക്രിസ്മസ് ഒരാഘോഷമായിരുന്നു. ക്രിസ്മസ് ഫ്രൻഡ്, ക്രിസ്മസ് ട്രീ മത്സരം, കൂട്ടുകാരുടെ വീട്ടിലെ ക്രിസ്മസ് ആഘോഷങ്ങൾ എല്ലാമായി കോളജിലും നാട്ടിലും ആഘോഷകാലമാകും അത്.
അന്ന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായിരുന്നു ക്രിസ്മസ്, ന്യൂ ഇയർ കാർഡുകൾ. ഇഷ്ടമുള്ളവർക്ക് സമ്മാനിക്കാൻ മനസ്സിനിണങ്ങളിയ കാർഡ് തേടി എത്ര കടകളിലാണ് അന്നൊക്കെ അലഞ്ഞിരുന്നത്. ആ കാർഡുകൾ ഒന്നും വെറുമൊരു കടലാസു കഷണങ്ങളായിരുന്നില്ല. പലർക്കും അത് അവരുടെ സ്നേഹത്തിന്റെയും സൗഹൃദങ്ങളുടെയും പ്രതീകങ്ങളായിരുന്നു. പലരും അവ ഓർമകളുടെ അടയാളങ്ങളായി കാലങ്ങളോളം സൂക്ഷിച്ചുവെച്ചു.
അതൊരു കാലമായിരുന്നു, ദിവസങ്ങൾക്കൊന്നും ഇത്രയും വേഗമില്ലാത്ത കാലം. നേരിട്ടും അല്ലാതെയും എത്രയോ പേർക്കാണ് അന്ന് കാർഡുകൾ കൈമാറിയിരുന്നത്. പിന്നെയും പ്രതീക്ഷയോടെ, പടികടന്നെത്തുന്ന പോസ്റ്റുമാനെ കാത്തിരുന്നിരുന്നത്!
നാട്ടിലെ പോലെ കുവൈത്തിലും ഇപ്പോൾ തണുപ്പ് സീസണാണ്. ഓർമകളുടെ നക്ഷത്രത്തിളക്കവുമായെത്തുന്ന ഡിസംബറിലെ തണുപ്പ്. അത് ചുറ്റും പൊതിയുമ്പോഴും ഓർമയുടെ ജ്വരബാധിച്ചപോലെ വെറുതെ പുറത്തിറങ്ങി നടക്കും. ഷോപ്പുകളിൽ ആഘോഷങ്ങളുടെ പൊലിമകാണാം. അവയൊക്കെ വാങ്ങാനും കാണാനും ഫോട്ടോ എടുക്കാനും ആളുകൾ ഇവിടെയൊക്കെ ചുറ്റിക്കറങ്ങുന്നു. അതൊക്കെ നോക്കിനിൽക്കെ ഉള്ളിൽ പഴയ റോസാപ്പൂന്തോട്ടം വിരിയും.
എന്നെത്തേടി ഈ ക്രിസ്മസിനെങ്കിലും പഴയപോലെ ഒരു കാർഡ് കടൽ കടന്നെത്തുമോ എന്ന് സ്വപ്നം കാണും.
ക്രിസ്മസ് പ്രമേയമായിവരുന്ന സിനിമകൾ വിടാതെ കാണുകയും ആരെങ്കിലും ഒരു ട്രഡീഷണൽ സ്കോട്ടിഷ് കാസ്റ്റലിൽ ക്രിസ്മസ് ആഘോഷത്തിന് വിളിക്കുമെന്ന് വെറുതെ ആഗ്രഹിക്കുകയും ചെയ്യും.
എന്നിട്ട് വേണം എനിക്ക് മഞ്ഞിലൂടെ നടന്നു അവിടത്തെ മാർക്കറ്റിൽ പോയി ക്രിസ്മസ് അലങ്കാരങ്ങളൊക്കെ നോക്കിക്കാണാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.