അറബ്-അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്ത് കുവൈത്ത് അമീറും അമേരിക്കൻ പ്രസിഡൻറും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. വാഷിങ്ടണിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും അറബ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. അമേരിക്കയും കുവൈത്തും തമ്മിലെ അടുത്ത സൗഹൃദം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും ഉച്ചകോടിയിൽ ചർച്ചയായി. കുവൈത്ത്- അമേരിക്കൻ ഉന്നത തല സംഘങ്ങൾ തമ്മിലും ചർച്ച നടന്നു. കുവൈത്ത് അമീറിനും സംഘത്തിനും വൈറ്റ് ഹൗസിൽ ഉൗഷ്മള സ്വീകരണമാണ് ലഭിച്ചത്. ഒാവൽ ഒാഫിസിലാണ് ഇരു നേതാക്കളും ഒൗദ്യോഗിക ചർച്ച നടത്തിയത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങി എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാന പങ്കാളിത്തം സംബന്ധിച്ച് അമീറും ട്രംപും ചർച്ച ചെയ്തു.
അന്താരാഷ്ട്ര തലത്തിലെ പുതിയ സംഭവവികാസങ്ങളും അറബ് മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കേണ്ടതിെൻറ ആവശ്യകതയും ഉച്ചകോടിയിൽ വിഷയമായി. അറേബ്യൻ ഗൾഫ് മേഖലയിലെയും മിഡിലീസ്റ്റിലെയും വിവിധ വിഷയങ്ങളാണ് ചർച്ച ചെയ്തത്. സമാധാനവും സുരക്ഷയും സ്ഥിരതയും എല്ലാ മേഖലയിലും കൈവരിക്കേണ്ടതിെൻറ ആവശ്യകത അമീറും അമേരിക്കൻ പ്രസിഡൻറും ഉൗന്നിപ്പറയുകയും ഭീകരതക്കെതിരായ പോരാട്ടത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കുവൈത്തുമായുള്ള ബന്ധം അത്യധികം ശക്തമാണെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹ് വളരെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ ബന്ധവും ഉഭയകക്ഷി ബന്ധവും വളരെ ശക്തവും കരുത്തുറ്റതുമാണെന്നും കൂടിക്കാഴ്ചക്ക് ശേഷമുള്ള സംയുക്ത വാർത്തസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. അമീറുമായി വ്യക്തിപരമായി അടുത്ത ബന്ധമാണുള്ളത്. വർഷങ്ങളായി അറിയുന്ന രാജ്യമാണ് കുവൈത്ത്. കുവൈത്തിൽ ജീവിക്കുന്ന നിരവധി സുഹൃത്തുക്കളുണ്ട്. കുവൈത്തിലുള്ളവർ നല്ല മനുഷ്യരാണെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തും അമേരിക്കയും തമ്മിൽ വലിയ േതാതിൽ വ്യാപാരവും നിക്ഷേപവും നടക്കുന്നുണ്ട്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലും ഒരുമിച്ചാണ്. കുവൈത്ത് അമേരിക്കയുടെ അടുത്ത പങ്കാളിയാണെന്നും ട്രംപ് പറഞ്ഞു. കുവൈത്ത് അമേരിക്കൽ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അമേരിക്കയിൽ നിന്ന് വൻതോതിൽ സൈനിക ഉപകരണങ്ങളും വാങ്ങുന്നുണ്ട്. മിഡിലീസ്റ്റിൽ സ്ഥിരത കൈവരിക്കുന്നതിന് കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.