തുർക്കിയ-സിറിയ ദുരന്തം; ‘കുവൈത്ത് ബൈ യുവർ സൈഡ്’കാമ്പയിനിൽ സഹായം ഒഴുകി
text_fieldsപ്രത്യേക കാമ്പയിനിൽ ശേഖരിച്ചത് 670.7 ലക്ഷം ഡോളർ
കുവൈത്ത് സിറ്റി: സിറിയയിലെയും തുർക്കിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി കുവൈത്ത് നടത്തിയ 12 മണിക്കൂർ ദൈർഘ്യമുള്ള ‘കുവൈത്ത് ബൈ യുവർ സൈഡ്’കാമ്പയിനിൽ വലിയ പ്രതികരണം. 200.7 ലക്ഷം കുവൈത്ത് ദീനാർ (670.7 ദശലക്ഷം യു.എസ് ഡോളർ) ഇതുവഴി ലഭ്യമായതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച ഉച്ച മുതൽ അർധരാത്രി വരെയാണ് സംഭാവന സ്വീകരിച്ചത്. കാമ്പയിനിലേക്ക് നിരവധി പേരാണ് സഹായവുമായി എത്തിയത്. ഏകദേശം 1,29,000 വ്യക്തികൾ, കമ്പനികൾ, ചാരിറ്റികൾ എന്നിവർ കാമ്പയിനിലേക്ക് സംഭാവന നൽകി.
വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ സാമൂഹികകാര്യ മന്ത്രാലയമാണ് കാമ്പയിൻ സംഘടിപ്പിച്ചത്. സംഭാവന ശേഖരിക്കാൻ മന്ത്രിസഭ സാമൂഹികകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങളിലും ആയിരങ്ങൾ കൊല്ലപ്പെടുകയും കെട്ടിടങ്ങളും വീടുകളും തകരുകയും ചെയ്ത ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവരുടെ ദുരിതം ലഘൂകരിക്കാനാണ് കാമ്പയിനെന്ന് സാമൂഹികകാര്യ-വനിത ശിശുക്ഷേമ മന്ത്രി മായ് അൽ ബാഗ്ലി പറഞ്ഞു.
ഭൂകമ്പം ബാധിച്ച തുർക്കിയ, സിറിയ എന്നിവക്ക് അടിയന്തര സഹായം എത്തിക്കാൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിടുകയും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് നിർദേശം നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഇരു രാജ്യങ്ങൾക്കും കുവൈത്ത് അടിയന്തര സഹായം അയച്ചു. ഇതിന്റെ തുടർച്ചയാണ് സഹായ കാമ്പയിനെന്നും മായ് അൽ ബാഗ്ലി പറഞ്ഞു. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ നവാഫ് അസ്സബാഹിന്റെ നേതൃത്വത്തിലാണ് ധനസമാഹരണ കാമ്പയിനെന്ന് യുവജനകാര്യമന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി പറഞ്ഞു. ഔദ്യോഗിക തലത്തിലും അനൗദ്യോഗിക തലത്തിലും രാജ്യം സിറിയ, തുർക്കിയ ജനതക്കൊപ്പം ഉണ്ടെന്നും, ദുരിതബാധിതരെ സഹായിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഇതെന്നും മുതൈരി കൂട്ടിച്ചേർത്തു. ദുരിതബാധിതരുടെ പ്രശ്നം പരിഹരിക്കാൻ കൂടുതൽ സഹായങ്ങളുമായി രംഗത്തിറങ്ങാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
അതിനിടെ, ഭൂകമ്പബാധിതരെ സഹായിക്കാൻ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) നടത്തുന്ന ശ്രമത്തെ പിന്തുണച്ച് കുവൈത്ത് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി 2,50,000 ദീനാർ സംഭാവന നൽകി. രാജ്യത്തുടനീളമുള്ള ആളുകൾ വിവിധ കേന്ദ്രങ്ങളിലെത്തി ദുരിതാശ്വാസ സാമഗ്രികൾ സംഭാവന ചെയ്തു.
ഫയർഫോഴ്സ് രക്ഷാപ്രവർത്തനം തുടരുന്നു
കുവൈത്ത് സിറ്റി: തുർക്കിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളിൽ തങ്ങളുടെ സംഘം തിരച്ചിൽ, രക്ഷാപ്രവർത്തനം തുടരുകയാണെന്ന് കുവൈത്ത് ഫയർഫോഴ്സ് കേണൽ അയ്മാൻ അൽ മുഫറെ പറഞ്ഞു. കുവൈത്ത് റെസ്ക്യൂ ടീം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും ടീമിനെ മൂന്നു ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പും എട്ടു മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കുമെന്നും അൽ മുഫറെ പറഞ്ഞു. ടീം ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യയും കാരണം, ഒന്നിലധികം കെട്ടിടങ്ങളിൽ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെത്താൻ അവർക്ക് കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.