തുർക്കിയ, സിറിയ ഭൂകമ്പം: അവശ്യവസ്തുക്കളുമായി കെ.ആർ.സി.എസ് ട്രക്കുകൾ
text_fieldsകുവൈത്ത് സിറ്റി: തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) സഹായം തുടരുന്നു. ഇരുരാജ്യങ്ങളിലേക്കും അവശ്യവസ്തുക്കളുമായി 12 ട്രക്കുകൾ കഴിഞ്ഞ ദിവസം യാത്രതിരിച്ചു.
പുതപ്പുകൾ, ടെന്റുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ അടങ്ങുന്നതാണ് വാഹനവ്യൂഹം. ദുരിതം അനുഭവിക്കുന്ന ജനതക്ക് സർക്കാറിന്റെയും കുവൈത്തിലെ ജനങ്ങളുടെയും സഹായത്തിന്റെ ഭാഗമാണ് ഇതെന്ന് കെ.ആർ.സി.എസ് ജനറൽ സെക്രട്ടറി മഹാ അൽ ബർജാസ് പറഞ്ഞു.
തുർക്കിയ റെഡ് ക്രസന്റുമായി സഹകരിച്ച് കെ.ആർ.സി.എസ് വളന്റിയർമാർ സഹായവിതരണത്തിന് മേൽനോട്ടം വഹിക്കും. കുവൈത്തിലെ ജനങ്ങളുടെ ധനസഹായത്തോടെയുള്ള അസോസിയേഷന്റെ മാനുഷിക സംരംഭങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
തുർക്കിയ, സിറിയ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടലിന്റെ പ്രാധാന്യം അൽ ബർജാസ് ചൂണ്ടിക്കാട്ടി. അവർക്ക് പിന്തുണ നൽകാനും ഒപ്പം നിൽക്കാനുമുള്ള ശ്രമങ്ങൾ വർധിപ്പിക്കാനുള്ള കെ.ആർ.സി.എസിന്റെ താൽപര്യം വലുതാണെന്നും വ്യക്തമാക്കി.
ചുമതലകൾ സുഗമമാക്കുന്നതിന് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും അങ്കാറയിലെ കുവൈത്ത് എംബസിയുടെയും ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.