ഹൂതി തടങ്കലിലായ രണ്ട് അമേരിക്കൻ പെൺകുട്ടികളെ മോചിപ്പിച്ചു
text_fieldsജിദ്ദ: യമനിൽ ഹൂതികൾ ബന്ധികളാക്കിയ രണ്ട് അമേരിക്കൻ യുവതികളെ മോചിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. ഹൂതി നിയന്ത്രണത്തിലുള്ള യമൻ തലസ്ഥാനമായ സൻആയിലാണ് പെൺകുട്ടികളെ തടങ്കലിൽ പാർപ്പിച്ചത്. സൗദി അറേബ്യയുടെ ശ്രമഫലമായാണ് മോചനം.
അമേരിക്കയും സൗദിയും തമ്മിലുള്ള സൈനിക സഹകരണത്തിന്റെയും സുരക്ഷ ഏകോപനത്തിന്റെയും ഭാഗമായാണ് പ്രത്യേക സുരക്ഷാനടപടികളിലൂടെ പെൺകുട്ടികളെ മോചിപ്പിച്ചത്. സൻആയിൽനിന്ന് കുട്ടികളെ യമന്റെ താൽക്കാലിക തലസ്ഥാനമായ ഏദനിലേക്കും അവിടെനിന്ന് പിന്നീട് റിയാദിലേക്കും എത്തിച്ചു.
കുടുംബ സന്ദർശനത്തിനായി സൻആയിൽ എത്തിയപ്പോഴാണ് ഈ പെൺകുട്ടികളെ തടഞ്ഞുനിർത്തി യമൻ വിമത സായുധ സംഘമായ ഹൂതികൾ ബന്ധികളാക്കിയത്. അവരോട് ഹൂതികൾ മോശമായാണ് പെരുമാറിയതെന്നും വക്താവ് വിശദീകരിച്ചു. സൗദി എയർഫോഴ്സ് വിമാനത്തിലാണ് ഏദനിനിന്ന് പെൺകുട്ടികളെ റിയാദിലെത്തിച്ചത്. ഇരുവർക്കും വേണ്ട ആരോഗ്യ പരിചരണം നൽകിയ ശേഷം അവരെ സ്വീകരിക്കാനെത്തിയ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് കൈമാറി.
യമനിൽനിന്ന് അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കാൻ സൗദിയും അമേരിക്കയും നടത്തുന്ന ഈ സംയുക്ത പ്രവർത്തനം ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമാണെന്നും ബ്രിഗേഡിയർ അൽമാലികി പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സുരക്ഷ സഹകരണത്തിന്റെ തുടർച്ച കൂടിയാണിത്. യമനിലെ ഭീകര സംഘടനകളെ ചെറുക്കുന്നതിനുള്ള സുരക്ഷ, രഹസ്യാന്വേഷണ സഹകരണത്തിന്റെ ചട്ടക്കൂടിലാണ് ഈ പ്രവർത്തനങ്ങളെന്നും ബ്രിഗേഡിയർ അൽമാലികി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.