രണ്ടര ലക്ഷം പേരുടെ ഡ്രൈവിങ് ലൈസൻസ് പിൻവലിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പിൻവലിക്കും. കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് തിരിച്ചുപോയവരുടേതും നാട്ടിൽ പോയി ഇഖാമ പുതുക്കാൻ കഴിയാത്തതിനാൽ തിരിച്ചുവരാൻ കഴിയാത്തവരുടേതും തൊഴിൽ മാറ്റവും മറ്റു കാരണങ്ങളാലും ലൈസൻസിനുള്ള അർഹത പരിധിക്ക് പുറത്തായവരുടേതുമാണ് ഡ്രൈവിങ് ലൈസൻസ് പിൻവലിക്കുന്നത്. ഈ മാസം തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. എല്ലാ ലൈസൻസുകളും പരിശോധിച്ച് അർഹതയുള്ളവരുടേത് മാത്രം നിലനിർത്താൻ നടപടിക്രമങ്ങൾക്ക് മൂന്നുമാസം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. അനർഹമായി ലൈസൻസ് കൈവശം വെച്ചിരിക്കുന്നവർക്കിത് നഷ്ടമാകും. ലൈസൻസ് എടുക്കുമ്പോൾ യോഗ്യത ഉണ്ടായിരുന്നവർക്ക് പിന്നീട് യോഗ്യത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും റദ്ദാക്കും.
കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ചുരുങ്ങിയത് 600 ദീനാർ ശമ്പളം, ബിരുദം, കുവൈത്തിൽ രണ്ടുവർഷം താമസം എന്നിവയാണ് ഉപാധി. ജോലി മാറ്റമോ മറ്റോ ആയ കാരണത്താൽ ഈ പരിധിക്ക് പുറത്താവുന്നവർ ലൈസൻസ് തിരിച്ചേൽപിക്കേണ്ടതുണ്ട്. ചില തസ്തികകളിൽ ജോലി ചെയ്യുന്നതിന് ഉപാധി കൂടാതെ ലൈസൻസ് അനുവദിക്കും. ഇത്തരം തസ്തികകളിൽനിന്ന് മാറിയാൽ ലൈസൻസ് തിരിച്ചേൽപിക്കണം. മിനിമം ശമ്പളപരിധിയിൽനിന്ന് കുറവ് വരുകയോ അർഹതയുള്ള തൊഴിൽ വിഭാഗത്തിൽനിന്ന് മാറുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഫൈസൽ അൽ നവാഫ് ഗതാഗത വകുപ്പിന് നിർദേശം നൽകുകയായിരുന്നു. യഥാർഥത്തിൽ ലൈസൻസിന് അർഹതയുള്ളവർക്ക് മാഗ്നറ്റിക് സ്ട്രിപ്പ് ഘടിപ്പിച്ച പുതിയ ലൈസൻസ് കാർഡ് വിതരണം ചെയ്യാനും നീക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.