രണ്ടു യൂറോഫൈറ്റർ യുദ്ധവിമാനം കുവൈത്തിലെത്തിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇറ്റലിയിലെ ലിയനാർഡോ കമ്പനിയിൽനിന്ന് വാങ്ങിയ രണ്ടു യൂറോഫൈറ്റർ യുദ്ധവിമാനം കുവൈത്തിലെത്തിച്ചു. അലി അൽ സാലിം എയർബേസിൽ നടന്ന ചടങ്ങിൽ കുവൈത്ത് സൈനിക മേധാവി ലഫ്. ജന. ഖാലിദ് സാലിഹ് അസ്സബാഹ്, കുവൈത്തിലെ ഇറ്റാലിയൻ അംബാസഡർ കാർലോ ബൽഡൂച്ചി, ശൈഖ് ഫഹദ് ജാബിർ അൽ അലി, മുതിർന്ന സൈനികോദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. 28 യൂറോഫൈറ്റർ വിമാനങ്ങൾ കുവൈത്തിന് നൽകുന്നതുമായി ബന്ധപ്പെട്ട് 2015ലാണ് ധാരണപത്രം ഒപ്പുവെച്ചത്. 800 കോടി യൂറോയുടെ ആയുധ ഇടപാട് ആണിത്. ആദ്യ ബാച്ച് 2020 ഡിസംബറിനകം നൽകണമെന്നതായിരുന്നു വ്യവസ്ഥയെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് വൈകുകയായിരുന്നു. വിവിധ ഘട്ടങ്ങളിലായാണ് 28 യുദ്ധവിമാനങ്ങൾ ഇറ്റലിയിൽനിന്ന് എത്തിക്കുക. ഇതോടെ രാജ്യത്തിെൻറ വ്യോമശക്തി കൂടുതൽ കരുത്താർജിക്കും. കുവൈത്തി സൈനികർക്ക് യൂറോഫൈറ്റർ വിമാനങ്ങൾ പറത്തുന്നതിനാവശ്യമായ പരിശീലനം അഹ്മദ് അൽ ജാബിർ വ്യോമ അക്കാദമിയിൽ നേരത്തേ നൽകിയിരുന്നു. ഇറ്റാലിയൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരെയാണ് ഇതിനുവേണ്ടി ഉപയോഗപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.