ആഗസ്റ്റ് ഒന്നുമുതൽ കുവൈത്തിൽനിന്ന് പോയത് രണ്ടുലക്ഷം പേർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ആഗസ്റ്റ് ഒന്നുമുതൽ രാജ്യത്തിന് പുറത്തുപോയത് രണ്ടുലക്ഷത്തിലേറെ പേർ. ഞായറാഴ്ച വരെ 1,97,000 പേർ കുവൈത്ത് വിട്ടു. ഇക്കാലയളവിൽ 1,35,000 പേർ കുവൈത്തിലേക്കു വരുകയും ചെയ്തു. 1965 വിമാനങ്ങളാണ് 80 ദിവസത്തിനിടെ കുവൈത്തിലേക്ക് വന്നത്.
ഇസ്തംബൂൾ, ദുബൈ, ദോഹ എന്നിവിടങ്ങളിലേക്കാണ് ഭൂരിഭാഗം വിമാനങ്ങളും പോയത്. കോവിഡ് പ്രതിരോധ ഭാഗമായി നിർത്തിവെച്ചതിനുശേഷം ആഗസ്റ്റ് ഒന്നുമുതലാണ് കമേഴ്സ്യൽ വിമാന സർവിസ് പുനരാരംഭിച്ചത്. 30 ശതമാനം ശേഷിയിലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം കർശന നിയന്ത്രണങ്ങളോടെ ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഇന്ത്യ, ഇൗജിപ്ത്, ഫിലിപ്പീൻസ്, ശ്രീലങ്ക ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്ക് നിലവിലുള്ളതിനാലാണ് യാത്രക്കാരുടെ എണ്ണം കുറഞ്ഞത്.കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ രാജ്യങ്ങൾ വിലക്കുള്ള പട്ടികയിൽ വരുന്നു. യു.എ.ഇ, ഖത്തർ, തുർക്കി, എത്യോപ്യ ഉൾപ്പെടെ വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് ഇവിടങ്ങളിൽനിന്ന് പ്രവാസികൾ കുവൈത്തിലേക്ക് വരുന്നുണ്ട്.
കുവൈത്തിലേക്കു വരുന്ന യാത്രക്കാർക്ക് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇവിടെയെത്തിയാൽ രണ്ടാഴ്ച നിർബന്ധിത വീട്ടുനിരീക്ഷണത്തിൽ കഴിയണം. കുവൈത്തിൽനിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള യാത്രക്കാർ www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. വിമാന ടിക്കറ്റ് ഒാൺലൈനായി ബുക്ക് ചെയ്ത് മൊബൈലിൽ ഡിജിറ്റലായി സൂക്ഷിക്കണം. പേപ്പർ ടിക്കറ്റുകൾ അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.